photo
കെ.ശങ്കരനാരായണ പിള്ളയ്ക്ക് ഭാര്യ അന്ത്യാഞ്ജലി അർപ്പിക്കുന്നു

തിരുവനന്തപുരം: വീട്ടിൽ നിന്ന് കാൽനടയായി ബസ് സ്റ്റാൻഡിലേക്ക്. ബസിൽ കയറി സെക്രട്ടേറിയറ്റിലേക്ക്. മുൻ ഗതാഗത മന്ത്രി കെ. ശങ്കരനാരായണ പിള്ളയെ കുറിച്ചോർക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്ന ചിത്രം ഇതായിരിക്കും. മന്ത്രിയായിരിക്കുമ്പോഴും അതുകഴിഞ്ഞും കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയും സാധാരണക്കാർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന ചുരുക്കം പൊതുപ്രവർത്തകരിൽ പ്രമുഖനായിരുന്നു. ട്രാൻ. ജീവനക്കാരുമായി എക്കാലവും ഹൃദയബന്ധം കത്ത് സൂക്ഷിക്കാനും ശ്രമിച്ചു. നിയമസഭാ പ്രവേശനം ഈസ്റ്റ് മണ്ഡലത്തിൽ നിന്നായിരുന്നെങ്കിലും നെടുമങ്ങാട്ടുകാർക്ക് സ്വന്തം മന്ത്രി ആയിരുന്നു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ആർക്ക് മുന്നിലും അടിയറവ് വയ്ക്കാത്ത വ്യക്തിത്വം. നിരവധി മേഖലകളിൽ ആഴത്തിലുള്ള അറിവ്. നാട്ടുകാർ എന്തിനെക്കുറിച്ച് സംശയമുണ്ടായാലും പെട്ടെന്ന് വിളിച്ചു ചോദിച്ചിരുന്നത് അദ്ദേഹത്തോടായിരുന്നു. അറിയാവുന്നത് വിശദമാക്കുകയും അറിഞ്ഞുകൂടാത്തത് അറിയില്ല എന്ന് മടിയില്ലാതെ പറയുകയും ചെയ്തു. മന്ത്രിയുടെ അധികാരം ഉപയോഗിച്ച് പ്രാദേശികമായി ചിലത് ചെയ്യണമെന്ന് ആവശ്യപ്പെട്ടവരോട് ''ഞാൻ നെടുമങ്ങാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ മന്ത്രിയാണെന്ന്"" പ്രതികരിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. നിലപാടുകളിലെ കാർക്കശ്യവും പ്രൗഢമായ ഓർമ്മകളും അവശേഷിപ്പിച്ചാണ് അദ്ദേഹം മറഞ്ഞത്. നെടുമങ്ങാട് ഹൈസ്കൂളിൽ കെ.എസ്‌.യു പ്രവർത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച്, ജില്ലാ കെ.എസ്‌.യു പ്രസിഡന്റ്, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് എന്നീ നിലകളിൽ മികച്ച സേവനം കാഴ്ചവച്ചു. ലീഡർ കെ. കരുണാകരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ശിഷ്യനും കോൺഗ്രസിലെ കരുത്തൻ വയലാർ രവിയുടെ സഹപ്രവർത്തകനുമായി. 1978 ൽ നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഏറ്റവും പ്രായംകുറഞ്ഞ കെ.എസ്‌.യു പ്രവർത്തകനായിരുന്നു. രാഷ്ട്രീയം പോലെ തന്നെ ഏറെ പ്രിയങ്കരമായിരുന്നു സിനിമയും. പുതിയ സിനിമകൾ റിലീസിംഗ് ദിവസം തന്നെ പുതുതലമുറ പ്രേക്ഷകർക്കൊപ്പം തിയേറ്ററിൽ പോയി കാണുന്നതിൽ അദ്ദേഹം ആവേശം കൊണ്ടിരുന്നു.