തിരുവനന്തപുരം: മന്ത്രി ജി.ആർ. അനിൽ വിജയിച്ച നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചവരുത്തിയതിന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാറിനെ താക്കീത് ചെയ്യാൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശം. നാളെ ചേരുന്ന പാർട്ടി ജില്ലാകമ്മിറ്റി യോഗത്തിലും തുടർന്ന് ചേരുന്ന സംസ്ഥാന കൗൺസിലിലും ഇക്കാര്യം റിപ്പോർട്ട് ചെയ്യും.

നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ ആണ്ടൂർക്കോണം പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന മീനാങ്കൽ കുമാർ അവിടെ കാര്യമായി പ്രവർത്തിച്ചില്ലെന്നാണ് പരാതിയുയർന്നത്. ബോധപൂർവം വിട്ടുനിൽക്കുന്ന പ്രതീതിയുണർത്തി. ചുമതലപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നതിന് പകരം അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് പങ്കെടുത്തത്. നേതാക്കളുടെ യോഗങ്ങളിൽപ്പോലും അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ച തുടങ്ങും മുമ്പേ സ്ഥാനാർത്ഥിയാകാൻ മാദ്ധ്യമങ്ങൾ വഴി ശ്രമം നടത്തിയെന്നും പരാതിയുണ്ടായി. കഴിഞ്ഞ രണ്ട് ജില്ലാ എക്സിക്യൂട്ടീവ് യോഗങ്ങളിലും വിഷയമുയർന്നു. പൂവച്ചൽ ഷാഹുലിന്റെ നേതൃത്വത്തിലാണ് ജില്ലാ എക്സിക്യൂട്ടീവിൽ കുമാറിനെതിരെ രൂക്ഷവിമർശനമുയർത്തിയത്. കുമാർ വീഴ്ച സമ്മതിച്ചതിനാലാണ് താക്കീത് ചെയ്യാൻ നിർദ്ദേശിച്ചത്. മന്ത്രി ജി.ആർ. അനിലിന്റെയും മുതിർന്ന നേതാവ് സി. ദിവാകരന്റെയും സാന്നിദ്ധ്യത്തിലാണ് ഇന്നലെ എക്സിക്യൂട്ടീവ് യോഗം ചേർന്നത്.