theft

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിൽ നിന്ന് ഹോം ലോൺ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വീട്ടമ്മയുടെ വസ്തു ജാമ്യം വച്ച് 21 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതികളെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ കൈപ്പുറത്ത് വീട്ടിൽ പ്രേംചന്ദ് (34), കാട്ടാക്കട കരിയംകോട്‌തോട്ടരികത്ത് വീട്ടിൽ അനിൽകുമാർ (23) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

2017മുതലാണ് തട്ടിപ്പിന്റെ തുടക്കം. കെ.എസ്.എഫ്.ഇ ഏജന്റുമാർ എന്ന് പരിചയപ്പെടുത്തി ആക്കുളം മുണ്ടനാട് കുന്നിൽ വീട്ടിൽ മിനിയെയാണ് പ്രതികൾ കബളിപ്പിച്ചത്. ഹോംലോൺ ശരിയാക്കി നൽകാമെന്നു പറഞ്ഞ് വസ്തുവിന്റെ രേഖകൾ കൈവശപ്പെടുത്തിയ പ്രതികൾ കെ.എസ്.എഫ്.ഇ മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ വീട്ടമ്മ അറിയാതെ ചിട്ടികൾ പിടിക്കുന്നതിന് ജാമ്യം വച്ചാണ് പലപ്പോഴായി 21 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കിയ വീട്ടമ്മ 2019ൽ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു.

ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെക്കുറിച്ച് കഴക്കൂട്ടം സൈബർ സിറ്റി എ.സി.പി ഹരികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, രതീഷ്, ഷജീം, എസ്.സി.പി.ഒ നൗഫൽ, സി.പി.ഒമാരായ വിനീത്, പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.