sreerag

തിരുവനന്തപുരം: വിഴിഞ്ഞത്ത് എട്ടുവയസുള്ള കുട്ടിയുടെ സ്വർണമാല പിടിച്ചുപറിച്ച മൂന്നംഗസംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. പാറശാല ചെങ്കൽ കുംഭവിള പുത്തൻവീട്ടിൽ ശ്രീരാഗിനെയാണ് (28) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഉൾപ്പെട്ട മൂന്നംഗ സംഘം ഓട്ടോറിക്ഷയിൽ ഇൻസ്റ്റാൾമെന്റ് സാധനങ്ങൾ വിൽക്കാനെന്ന വ്യാജേന മുല്ലൂർ സ്വദേശി പ്രീതയുടെ വീട്ടിൽ എത്തുകയും വീടിനു മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ കിടന്ന ഒരു പവന്റെ മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മറ്റു പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സി.പി.ഒമാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.