തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രന്റെ ഫോൺവിളിയുമായി ബന്ധപ്പെട്ട് പാർട്ടിതല അന്വേഷണത്തിന് എൻ.സി.പി നേതൃത്വം. ഇന്ന് കൊല്ലത്തെത്തി തെളിവെടുപ്പ് നടത്താനും ഇന്നുതന്നെ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കാനും പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി മാത്യൂസ് ജോർജ്ജിനെ നിയോഗിച്ചു. മന്ത്രിയുടെ വിശദീകരണത്തിന്റെ കൂടി അടസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, എൻ.സി.പിയുടെ കൊല്ലം ജില്ലാ നേതൃത്വത്തിലെ ചേരിപ്പോരാണ് വിവാദത്തിന് പിന്നിലെന്നും ആക്ഷേപമുണ്ട്. പാർട്ടിയിലെ തർക്കപരിഹാരത്തിനുള്ള സദുദ്ദേശ്യ ഇടപെടലാണത്രെ മന്ത്രി നടത്തിയത്. വിവാദമുയർന്ന സാഹചര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ ജാഗ്രത പുലർത്താനും വിവാദങ്ങൾ ഒഴിവാക്കാനും എൻ.സി.പി നേതൃത്വത്തോട് സി.പി.എം നിർദ്ദേശിച്ചിട്ടുണ്ട്.
ശശീന്ദ്രന്റെ ഫോൺവിളി: പ്രതികരിക്കാതെ ഡിജിപി
കുണ്ടറയിൽ എൻ.സി.പി നേതാവിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെക്കുറിച്ചും പരാതി ഒതുക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ടതിനെക്കുറിച്ചും പ്രതികരിക്കാതെ ഡി.ജി.പി അനിൽകാന്ത്. കേസിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് ഡി.ജി.പി പറഞ്ഞത്.