ആര്യനാട്: അരുവിക്കരയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ജി. സ്റ്രീഫൻ എം.എൽ.എ പറഞ്ഞു. അരുവിക്കര നിയോജകമണ്ഡലത്തിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കും. ഇതോടൊപ്പം ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകുമെന്നും, തൊഴിൽ സാദ്ധ്യത ഏറെയുള്ള വിനോദസഞ്ചാര ഇടനാഴിയായി മണ്ഡലത്തെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇതിന്റെ ഭാഗമായി പേപ്പാറ,​ ബോണക്കാട്,​ മീൻമുട്ടി,​ അരുവിക്കര,​ കാപ്പുകാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മണ്ഡലത്തിന്റെ അതിർത്തിയിൽ ഉൾപ്പെടുന്ന പൊന്മുടിയും നെയ്യാർഡാമും ബന്ധപ്പെടുത്തിയുള്ള വികസനത്തിനും പ്രത്യേക പദ്ധതി ആവിഷ്കരിക്കും. നിലവിൽ നഗരത്തിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരം കാണാനും,​ വിദ്യാഭ്യാസ സൗകര്യം കൂടുതൽ മെച്ചപ്പെടുത്താനുമുള്ള പദ്ധതികൾ ആവിഷ്കരിക്കും. മണ്ഡലത്തിലെ കായികരംഗത്തെ അപര്യാപ്തത പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധിതി ആവിഷ്കരിക്കും. ഇതിലൂടെ പഞ്ചായത്തിൽ ഒരു സ്റ്രേഡിയം എന്ന ആശയം നടപ്പാക്കാൻ കഴിയും. മണ്ഡലത്തിലെ പ്രശ്നങ്ങൾ വിവിധ മേഖലകളായി തിരിച്ച് കൈകാര്യം ചെയ്യും. ഇതിനായി പ്രത്യേക രൂപരേഖ തയ്യാറാക്കും. സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദ്ദേശങ്ങൾ സമർപ്പിച്ചാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. മീറ്റ് ദി പ്രസിൽ ആര്യനാട് പ്രസ് ക്ലബ് അംഗങ്ങൾ ജി. സ്റ്റീഫന് സ്നേഹാദരവ് നൽകി. എൽ.ഡി.എഫ് നേതാക്കളായ അരുവിക്കര സുനിൽകുമാർ, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ആര്യനാട് സക്കീർ, അരുവിക്കര ബാബു, തൊളിക്കോട് നിസ്സാർ എന്നിവർ പങ്കെടുത്തു.