hiba-kabeer-

കാസർകോട്: കൊവിഡുകാലത്തിനിടെ ഇംഗ്ലീഷ് കൃതിയെഴുതി പ്രസിദ്ധീകരിച്ച പത്താംക്ളാസുകാരിയായ എഴുത്തുകാരിയുണ്ട് പടന്നയിൽ. സ്വപ്നങ്ങൾ സഫലമാക്കാൻ യത്നിക്കുന്നതിന് പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്ന 'കൊഗ്നിറ്റീവ്' എന്ന പേരിൽ പുസ്തകം എഴുതിയ പടന്ന എം.ആർ.വി.എച്ച്.സി സ്‌കൂളിലെ വിദ്യാർത്ഥിനി പടന്ന വില്ലേജ് ഓഫീസ് പരിസരത്തെ ഹിബ കബീർ ഇപ്പോൾ നാട്ടിൽ താരമാണ്. ഗൾഫിലുള്ള ടി. അഹമ്മദ് കബീറിന്റെയും പടന്നയിലെ ബി.സി. ഷർഹാനയുടെയും മൂത്ത മകളാണ് ഹിബ കബീർ. രണ്ടാം കൊവിഡ് തരംഗത്തിൽ 14 ദിവസം പനി വന്നതാണ് ഹിബയെ എഴുത്തുകാരിയാക്കിയ വഴിത്തിരിവായത്. നിരീക്ഷണത്തിൽ കഴിഞ്ഞ കാലയളവിൽ പുതിയ കാലത്തെ ചിന്താശീലത്തെ ഉയർത്തുന്ന പുസ്തകം എഴുതി തുടങ്ങി.

നാലര മാസം കൊണ്ട് 25 അദ്ധ്യായങ്ങൾ പൂർത്തിയാക്കി. ട്രാൻസ്‌ജെന്റേഴ്സിന്റെ ജീവിതത്തിലെ വേദനകളും പ്രശ്നങ്ങളും, സ്‌കൂൾ ഓൺലൈൻ പഠനം, കൊവിഡിൽ തകർന്ന സ്‌കൂൾകാലം തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളാണ് ഓരോ അദ്ധ്യായങ്ങളും. ടീനേജ് പെൺകുട്ടി തളർന്നപ്പോൾ പിന്തുണ നൽകിയ മാതൃസ്‌നേഹത്തിന്റെ ഒരു കഥയും പുസ്തകത്തിലുണ്ട്. ലാപ്‌ടോപ്പിൽ കമ്പോസ് ചെയ്തു കഴിഞ്ഞപ്പോൾ 38 പേജുള്ള പുസ്തകം തയ്യാർ. ഓരോ അദ്ധ്യായങ്ങളും ചെന്നൈയിലെ റോഷൻ പ്രിന്റേഴ്സിന് അയച്ചുകൊടുത്തു. അവരത് മനോഹരമായ കവർ പേജ് അടക്കം തയ്യാറാക്കി പുസ്തക രൂപത്തിലാക്കി റിലീസ് ചെയ്തു. തന്നെ എഴുത്തുകാരിയാക്കാൻ പ്രചോദനം നൽകിയ സ്‌കൂൾ കൂട്ടുകാരി വലിയപറമ്പിലെ നജുവ ബഷീറിനോട് നന്ദി പറയുകയാണ് ഇപ്പോൾ ഹിബ കബീർ.

അതിനിടെ പാഴ് വസ്തുക്കൾ കൊണ്ട് ക്രാഫ്റ്റ് ഐറ്റങ്ങൾ ഉണ്ടാക്കി ഓൺലൈൻ ബിസിനസ് നടത്തുന്നതിലും മിടുക്ക് തെളിയിക്കുകയാണ് ഈ വിദ്യാർത്ഥിനി. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ച് കരകൗശല ഉത്പന്നങ്ങൾ കൊറിയർ വഴി അയച്ചുകൊടുക്കും. ഇതിനകം 15 ഓളം ഇനങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തി. മാസംതോറും 3000 രൂപയുടെ വരുമാനം ഉണ്ടാക്കുന്നുണ്ട് ഈ മിടുക്കി. ഒരു വർഷമായി നടത്തുന്ന ലോക്ക് ഡൗൺ കാല 'കച്ചവട'ത്തിൽ ഏറെ സന്തോഷത്തിലാണ് ഹിബ. ആയിറ്റി പീസ് ഇന്റർനാഷണൽ സ്‌കൂളിൽ എട്ടാം തരം വരെ ഇംഗ്ലീഷ് പഠനം നടത്തിയ ഹിബ ഒമ്പതിലാണ് പടന്ന സ്‌കൂളിൽ ചേർന്നത്. എഴുത്തും ക്രാഫ്റ്റും തുടരണമെന്നും ഡോക്ടർ ആകണമെന്നും ആഗ്രഹിക്കുന്ന ഹിബയുടെ പ്രിയപ്പെട്ട എഴുത്തുകാർ ഹിന്ദുസ്ഥാനി എഴുത്തുകാരൻ ചേതൻ ഭഗതും യു.കെയിലെ സാഹിത്യകാരൻ ജെഫ്രി ആർച്ചറുമാണ്. ഇവരുടെ പുസ്തകങ്ങളും വായിക്കാറുണ്ട്. മുഹമ്മദ്, ഹാദി എന്നിവർ കുഞ്ഞനുജന്മാരാണ്.


ബൈറ്റ്

എല്ലാ സ്വപ്നങ്ങൾക്കും ചിറക് നൽകുന്നത് ഉമ്മയാണ്. ചെറുപ്പത്തിൽ ഏറെ പഠിക്കണമെന്ന് ആഗ്രഹിച്ച ഉമ്മയുടെ നടക്കാതെ പോയ സ്വപ്നങ്ങളാണ് ഞാൻ നിറവേറ്റി കൊടുക്കുന്നത്.

ഹിബ കബീർ