തിരുവനന്തപുരം: സ്ത്രീപീഡനം ഒത്തുതീർക്കാൻ ഇടപെട്ട വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ വെെകിട്ടോടെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് സി.എസ്. ചന്ദ്രകിരൺ ഉദ്ഘാടനം ചെയ്തു. മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും മന്ത്രിക്കെതിരെ 118ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ചന്ദ്രകിരൺ ആവശ്യപ്പെട്ടു. രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി തന്നെ പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യുവമോർച്ച ജില്ലാ പ്രസിഡന്റ് സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, നേതാക്കളായ വലിയവിള ആനന്ദ്, അഭിജിത്ത്, നെടുമങ്ങാട് വിൻഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.