ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് രാത്രിയിൽ ബസ് മാറ്റാൻ അധികൃതരുടെ ശ്രമം. വിവരം അറിഞ്ഞെത്തിയ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹനും സി.പി.എം പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ബസ് മാറ്റാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി 9ഓടെയാണ് സംഭവം. മലയോരമേഖലയുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ആര്യനാട് ബസ് ഡിപ്പോ അനുവദിച്ചത്. കൊവിഡിന്റെ മറവിൽ ഇവിടെനിന്ന് ക്രമേണ സർവീസുകൾ കുറച്ച് ബസുകൾ പല ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. 34 ബസുകൾ സർവീസ് നടത്തിയിരുന്ന ഇവിടെ നിലവിൽ 16 ബസുകൾ മാത്രമാണ് ഉള്ളത്. ഇതിൽ മൂന്ന് ഫാസ്റ്റ് ബസുകളിൽ രണ്ടെണ്ണം കാട്ടാക്കടയിലേക്കും ഒരെണ്ണം വെള്ളറടയിലേക്കും സൂപ്പർഫാസ്റ്റ് മൂവാറ്റുപുഴ ഡിപ്പോയിലേക്കും മാറ്റാനാണ് ഇന്നലെ രാത്രി ശ്രമം നടന്നത്. ഇതിനായി മൂന്ന് ഡ്രൈവർമാർ രാത്രിയിൽ ഡിപ്പോയിലെത്തിയതോടെയാണ് രംഗം വഷളായത്. പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, സി.പി.എം ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇശോകൻ, ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി ഷാജി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഡിപ്പോയുടെ മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്,​ ജി. സ്റ്റീഫൻ എം.എൽ.എയുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് കൊണ്ടുപോകാനുള്ള നീക്കം അധികൃതർ ഉപേക്ഷിച്ചത്. ഡിപ്പോയിൽ നിന്ന് ക്രമേണ ബസുകൾ പിൻവലിച്ച് ഡിപ്പോയെ തകർക്കാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജുമോഹൻ ആവശ്യപ്പെട്ടു. ബി.ജെ.പി പ്രവർത്തകരുടെയും​ എം.എസ്. സജി, ഇറവൂർ അജി എന്നിവരുടെ നേതൃത്വത്തിലും ഡിപ്പോയിൽ പ്രതിഷേധം നടന്നിരുന്നു.