വെഞ്ഞാറമൂട്: എം.സി റോഡിലെ അപകടത്തിൽ പരിക്കേറ്റ ദമ്പതികൾക്ക് സഹായമായി മന്ത്രി വീണാ ജോർജ്ജ്. അന്താരാഷ്ട്ര നീന്തൽക്കുള സമുച്ചയത്തിന് സമീപം കൊപ്പത്തുവച്ച് ഇന്നലെ രാത്രി 9നായിരുന്നു അപകടം.

ഇരുചക്ര വാഹനയാത്രക്കാരായ വെണ്ണിയൂർ പ്ലാവിള വിനീത് ഭവനിൽ വിനീത് (29), ഭാര്യ മൃദുല (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിക്കുന്ന ബൈക്കിൽ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ റോഡിലേക്ക് വീണെങ്കിലും കാർ നിറുത്താതെ പോകുകയായിരുന്നു.

ഈ സമയം അതുവഴി വന്ന മന്ത്രി സംഭവം കണ്ടയുടൻ വാഹനം നിറുത്തി പുറത്തിറങ്ങുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്‌തു. ദമ്പതികൾ കന്യാകുളങ്ങര സി.എച്ച്.സിയിൽ ചികിത്സ തേടി.