കൊയിലാണ്ടി: നഗരത്തിൽ 2007ൽ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്ത കൊമേഴ്ഷ്യൽ കം കൾച്ചറൽ സെന്റർ കെട്ടിടം ചോർന്നൊലിക്കുന്നു. ഗ്രൗണ്ട് ഫ്ലോറിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. പ്ളാസ്റ്റിക് മാലിന്യവും കുമിഞ്ഞുകൂടിയിട്ടുണ്ട്. അടച്ചുറപ്പില്ലാത്തതിനാൽ ആളുകൾ മൂത്രമൊഴിക്കാനും ഉപയോഗിക്കുന്നതായി കച്ചവടക്കാർ പറയുന്നു. രാത്രി കെട്ടിടത്തിൽ ലൈറ്റില്ല. സെക്യൂരിറ്റി ജീവനക്കാരനുമില്ല. 2019-20ൽ കെട്ടിടത്തിന്റെ നവീകരണത്തിന് പത്ത് ലക്ഷം രൂപ ചെലവഴിച്ചിരുന്നു. എന്നാൽ മേൽക്കൂരയിലെ ഷീറ്റ് പൊട്ടിവീഴുകയും കെട്ടിടമാകെ ചോർന്നൊലിക്കുകയും ചെയ്യുന്ന അവസ്ഥയിലാണിപ്പോൾ. കെട്ടിടത്തിന്റെ നിർമ്മാണ വേളയിൽ തന്നെ രൂപഘടനയെ കുറിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്രയും വർഷം കഴിഞ്ഞിട്ടും ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിനായി വാങ്ങിയ ജനറേറ്റർ തുരുമ്പ് എടുത്ത് നശിച്ചു. പബ്ളിക് ലൈബ്രറി, കുട്ടികളുടെ ലൈബ്രറി മ്യൂസിയം, അക്ഷയ സെന്റർ, ഖാദി ഭവനം, ലാബുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. കച്ചവടത്തിനായി എടുത്ത ആളുകൾ ഒഴിവാക്കി പോയി. കെട്ടിടത്തിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ട്രാഫിക് പൊലീസ് ഹോംഗാർഡ് പനി ഭീഷണിയിലാണ്. കോടതി സമുച്ചയവും തൊട്ടടുത്താണ്. സ്ഥാപനം നവീകരിക്കാൻ നഗരസഭ ഇടപെടണമെന്നാണ് ആവശ്യം.