മാഹി: പത്ത് വയസുകാരി മയ്യഴി പെരിങ്ങാടി സ്വദേശിനി ലൈബ അബ്ദുൾ ബാസിതിന് ഈ പെരുന്നാൾ ആനന്ദത്തിന്റെ ദിനമാണ്. അഞ്ചാം ക്ലാസുകാരി കുഞ്ഞു ലൈബ എഴുതിയ ഇംഗ്ലീഷ് കഥാസമാഹാരമായ 'ഓർഡർ ഓഫ് ദി ഗാലക്സി ദിവാർ ഫോർ ദി സ്‌റ്റോളൻ ബോയ്' ലോകത്തിലെ ഒന്നാംനിര പ്രസാധകരായ ആമസോൺ പ്രസിദ്ധീകരിച്ചിരിക്കുന്നു. പുസ്തക പ്രസാധനത്തിന് മുമ്പ് കഴിഞ്ഞ ദിവസം ഓൺലൈനിൽ തെളിഞ്ഞ കഥാ സംഗ്രഹത്തിന് വായനാലോകം വൻ പ്രതികരണമാണേകിയത്. വായിക്കാനുള്ള വാസനയും, അക്ഷരങ്ങളോടുള്ള അഭിനവേശവും ലൈബക്ക് ജന്മ വാസനയാണെന്ന് പറഞ്ഞാൽ തെറ്റാകില്ല. അക്ഷരങ്ങളെ തന്റെ കുഞ്ഞു വിരലുകളിൽ ഒതുക്കാനായ നാളുകൾ തൊട്ട് തന്റെ ആശയങ്ങൾ കടലാസിലെഴുതി വീട്ടിലെ ചുമരുകളിൽ പതിച്ചു വെക്കുകയെന്നത് ഈ പെൺകുട്ടിയുടെ ശീലമായിരുന്നു. പിന്നിടത് ഡയറിയിലേക്കും തുടർന്ന് ലാപ്ടോപ്പിലേക്കും ചേക്കേറി. എഴുതിയ കഥകളുടേയെല്ലാം ആദ്യ വായനക്കാർ മാതാപിതാക്കൾ തന്നെ. പുതുതലമുറയിലെ കുട്ടികൾ വീഡിയോ ഗെയിമുകളിൽ ഒതുങ്ങിയപ്പോൾ ലൈബയുടെ പ്രിയപ്പെട്ട കൂട്ടുകാർ പുസ്തകങ്ങളായിരുന്നു. എഴുത്തുകാർ കൂടിയായ വല്യൂപ്പമാരായ മുഹമ്മദ് പാറക്കടവും, കെ.എം. അബ്ദുൾ റഹീമും പകർന്നേകിയ വായനാശീലമാണ് ലൈബക്ക് എഴുത്തിന് ഊർജമായത്. ദോഹയിലെ ഒലീവിയ ഇന്റർനാഷണൽ സ്‌കൂളിലെ അഞ്ചാം തരം വിദ്യാർത്ഥിനിയായ ഈ കൊച്ചു പ്രതിഭ പെരിങ്ങാടിയിലെ അബ്ദുൾ ബാസിതിന്റേയും പാറക്കടവിലെ തസ്നിം മുഹമ്മദിന്റേയും മകളാണ്.