imran

പെരിന്തൽമണ്ണ: പ്രാർത്ഥനകൾ വിഫലമായി, ചികിത്സയും വേദനയുമില്ലാത്ത ലോകത്തേക്ക് കുഞ്ഞ് ഇമ്രാൻ യാത്രയായി. അങ്ങാടിപ്പുറം ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫിന്റെ മകൻ ആറുമാസം പ്രായമുള്ള ഇമ്രാൻ മുഹമ്മദാണ് അർദ്ധരാത്രിയോടെ മരണത്തിന് കീഴടങ്ങിയത്. 18 കോടിയുടെ മരുന്ന് ആവശ്യമുള്ള സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

അണുബാധയാണ് ഇമ്രാന്റെ മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൂന്നര മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇമ്രാന്റെ ജീവൻ നിലനിറുത്തിയിരുന്നത്. പ്രസവിച്ച് 17 ദിവസം കഴിഞ്ഞ ഉടനെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. ആരിഫിന്റെ മൂന്നാമത്തെ കുട്ടിയാണ് ഇമ്രാൻ. രണ്ടാമത്തെ പെൺകുട്ടി ലിയാന ഇതേ രോഗം ബാധിച്ച്, പ്രസവിച്ച് 72 ദിവസം കഴിഞ്ഞപ്പോൾ മരിച്ചിരുന്നു.

ഇതേ രോഗം ബാധിച്ച കണ്ണൂരിലെ മുഹമ്മദ് എന്ന കുട്ടിക്ക് ശേഷം,​ കേരളക്കര മുഴുവൻ ഒരുമിച്ചത് പോലെ ഇമ്രാന് വേണ്ടിയും കൈകോർത്ത് ധനസമാഹരണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിത മരണ വാർത്തയെത്തിയത്. ഇന്നലെ വരെ അക്കൗണ്ടിൽ 16.5 കോടി രൂപ എത്തിയതായി ഇമ്രാൻ ചികിത്സാസഹായ സമിതി ചെയർമാനായ മഞ്ഞളാംകുഴി അലി എം.എൽ.എ അറിയിച്ചു.

സ്വരൂപിച്ച പണം ഇനി എന്ത് ചെയ്യണമെന്നതും കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശേഷിക്കുന്ന ഒന്നര കോടി അടുത്ത ദിവസങ്ങളിൽ കണ്ടെത്താൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും ചികിത്സാ സഹായ കമ്മിറ്റിയും നാട്ടുകാരും.