ചങ്ങനാശേരി: കൊവിഡ് കാലത്തെ വേറിട്ട ഔട്ട് ഡോർ ലൊക്കേഷനായി മാറി സി ഡി ബാബുവിന്റെ വീട്. പരമ്പരാഗത തനിമയും വേറിട്ട ആശയങ്ങളും ഉൾക്കൊണ്ടാണ് പുത്തൻ വൈബ് നിറഞ്ഞ ഫോട്ടോഷൂട്ടും ലൊക്കേഷനുകളും. കൊവിഡും ലോക്ക് ഡൗണും മൂലം ആർഭാടങ്ങളും ആഘോഷങ്ങളും ഒരു പരിധി വരെ ഒഴിവാക്കിയെങ്കിലും ഫോട്ടോഷൂട്ടുകൾ കാലത്തിന് അനുസരിച്ച് വ്യത്യസ്തമായി. വിവാഹം, സേവ് ദ ഡേറ്റ് തുടങ്ങിയ ആഘോഷങ്ങൾക്ക് ഫോട്ടോ ഷൂട്ട് നിർബന്ധമായതിനാൽ പുത്തൻ ലൊക്കേഷനുകൾ തേടി നൂതന തലമുറയും. പുറത്തിറങ്ങി ഷൂട്ട് ചെയ്യുന്നതിന് പരിമിതി വന്നതോടെ, ചങ്ങനാശേരി പെരുന്ന ചാത്തനാട് വീട്ടിൽ കൗൺസിലർ ട്രെയിനറായ സി ഡി ബാബുവിന്റെ വീട്ടിലെ പച്ചപ്പ് പുതിയ വിവാഹ ഷൂട്ടിംഗ് ലൊക്കേഷനായി മാറി. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പൂന്തോട്ടവും കരവിരുതും ചെയ്തു തുടങ്ങിയത്. പിന്നീട് എല്ലാം കൂടെ ആയപ്പോൾ ഇപ്പോൾ ലൊക്കേഷനായി മാറുകയും ചെയ്തു.
വീടിനു സമീപത്തുള്ള ശിവഗംഗ ഓഡിറ്റോറിയത്തിൽ വിവാഹം കഴിഞ്ഞു ഇറങ്ങിയവരാണ് ആദ്യമായി ഫോട്ടോ ഷൂട്ടിന് ഇവിടെ എത്തിയത്. പ്രധാന റോഡിൽ നിന്നും ഇറങ്ങി വരുന്ന ഭാഗത്തെ ഇരുവശത്തും വെട്ടിമിനുക്കിയ കുറ്റിച്ചെടിയും വിവിധ തരത്തിലുള്ള വള്ളിച്ചെടികളും റോസകളും ഇലച്ചെടികളും നിറഞ്ഞ സി ഡി ബാബുവിന്റെ വീട് പ്രകൃതിയാൽ മനോഹരമാക്കിയതുപോലെയാണ്. മുറ്റത്ത് മരത്തിന്റെ വേര് കൊണ്ടുണ്ടാക്കിയ ഇരിപ്പിടവും അലങ്കാര മത്സ്യങ്ങളുമുണ്ട്. വീടിനു പുറത്തെയും അകത്തളത്തെയും ചുമർചിത്രങ്ങളും കരകൗശല വസ്തുക്കളും ബോട്ടിൽ ആർട്ടും കണ്ണിനു കൗതുകമേകുകയും ചെയ്യുന്നു.
ചങ്ങനാശേരി, പെരുന്ന, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വിവാഹ ഫോട്ടോ ഷൂട്ടിംഗ്, ഫോട്ടോ എടുക്കുന്നതിന്, വിവാഹ ആനിവേഴ്‌സറി ഫോട്ടോ ഷൂട്ട്, ബർത്ത് ഡേ തുടങ്ങിയവയ്ക്ക് ഒക്കെ ഫോട്ടോ എടുക്കുന്നതിനായി നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. വ്യത്യസ്ത ആശയങ്ങളെ ആസ്പദമാക്കിയാണ് ഓരോ ഫോട്ടോഷൂട്ടും.
അലങ്കാര ചെടികൾ മാത്രമല്ല, പച്ചക്കറി കൃഷികളും ഇവിടെയുണ്ട്. അലങ്കാര ചെടികളെ പരിപാലിക്കുന്നതോടപ്പം കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നതിനും ഔഷധ സസ്യങ്ങൾക്ക് ഇവിടെ സംവിധാനമൊരുക്കണമെന്നാണ് ആഗ്രഹമെന്ന് സി ഡി ബാബു പറഞ്ഞു.