ചിറയിൻകീഴ്: അഴൂർ കളിയിൽപ്പുര - തോപ്പിൽ റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് നാളുകളായി. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി. മഴ പെയ്താൽ കുളമാണിവിടം. റോഡിലെ വെള്ളക്കെട്ട് മാറാൻ തന്നെ ദിവസങ്ങളെടുക്കും. ഈ മഹാമാരിക്കാലത്ത് റോഡിലെ മലിന ജലം കൊതുക് വളർത്തൽ കേന്ദ്രമായി മാറുന്നതിലുള്ള ആശങ്കയും പങ്കുവയ്ക്കുകയാണ് നാട്ടുകാർ. ഇതുവഴിയുള്ള കാൽ നടയാത്രക്കാരും വാഹനയാത്രക്കാരും കാലങ്ങളായി ഈ ദുരിതം അനുഭവിക്കുകയാണ്. അധികൃതർ പലപ്പോഴും ഇത് കണ്ടില്ലെന്ന് നടിക്കുന്നതുകൊണ്ടാണ് ഈ കഷ്ടപ്പാടിന് അറുതിയില്ലാതെ നീളുന്നത്. അഴൂർ റെയിൽവേ ഗേറ്റ് കടന്നാൽ വലതു തിരിഞ്ഞു ആറടി പാതയിൽ പോകുന്ന റോഡ് ആണിത്. നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
തെരുവ് വിളക്കുകളുടെ അഭാവവും ഇവിടെയുണ്ട്. ഈ മേഖലയിൽ മോഷണങ്ങളും വർദ്ധിക്കുകയാണ്. തെരുവ് നായ്ക്കളുടെ ശല്യമുള്ള ഇവിടെ തെരുവ് ലൈറ്റുകൾ കത്താത്തത് കാൽനടയാത്രക്കാരെ അപകടത്തിലാക്കുകയാണ്. പ്രശ്നങ്ങളെല്ലാം ഉന്നയിച്ച് അഴൂർ -ചിറയിൻകീഴ് റസിഡന്റ്സ് അസോസിയേഷൻ, അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രധാന പ്രശ്നം - വെള്ളക്കെട്ട് പരിഹരിക്കാൻ ഓടയില്ല
നിലവിലെ അവസ്ഥ - മഴ പെയ്താൽ റോഡ് വെള്ളക്കെട്ടാകും
റോഡിന്റെ അവസ്ഥ - പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു
രണ്ട് പഞ്ചായത്തുകളുടെ റോഡ്
അഴൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലൂടെയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലൂടെയുമാണ് ഈ റോഡ് കടന്ന് പോകുന്നത്. രണ്ട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്നതിനാൽ തന്നെ പഞ്ചായത്തുകളുടെ വേണ്ട ശ്രദ്ധ ഈ റോഡിന് ലഭിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.
നാട്ടുകാരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി സമര പരിപാടികളുമായി മുന്നോട്ടു പോകും.
ബിജു കാർത്തിക, പ്രസിഡന്റ്, അഴൂർ -ചിറയിൻകീഴ് റസിഡന്റ്സ് അസോസിയേഷൻ