വെളളറട: ഗ്രാമപ്രദേശങ്ങളിൽ തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ യൊതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മലയോര ഗ്രാമപഞ്ചായത്തുകളിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ നടന്നിട്ട് വർഷങ്ങളായെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിൽ യഥേഷ്ടം വിവഹരിക്കുന്ന നായ്ക്കൾ കാരണം പേവിഷബാധയേൽക്കാൻ സാദ്ധ്യതയുണ്ട്. അറവ് മാലിന്യങ്ങൾ റോഡ് വക്കിൽ നിക്ഷേപിക്കുന്ന സ്ഥലത്താണ് തെരുവ് നായ്ക്കൾ കൂട്ടംകൂടുന്നത്. ഇതുവഴി നടക്കാൻപോലും പ്രദേശവാസികൾക്ക് ഭയമാണ്. ഇരുചക്രവാഹന യാത്രക്കാരും തെരുവ് നായ്ക്കൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നായ്ക്കൾ വാഹനങ്ങൾക്ക് പിറകേ പായുന്നതും കുറുകെ ചാടുന്നതും അപടങ്ങൾക്കും കാരണമാകുന്നുണ്ട്. നായ്ക്കളുടെ എണ്ണം പെരുകുന്നത് കാരണം വന്ധ്യംകരണം ചെയ്യാൻ മുൻപ് നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് അത് നടപ്പിലായില്ല.
വർഷത്തിലൊരിക്കലാണ് ഇത്തരത്തിൽ നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയിരുന്നത് എന്നാൽ മൃഗസ്നേഹികളുടെ ഇടപെടലാണ് ഇത് നിലയ്ക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മലയോര മേഖലയിൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കൾ വീട്ടിൽ വളർത്തുന്ന നായ്ക്കളെ ഉപദ്രവിക്കുന്നതും ഇവിടെ നിത്യസംഭവമാണ്. മത്സ്യ ചന്തകളെയും കശാപ്പുശാലകളെയും ചുറ്രിപ്പറ്റി നിരവധി തെരുവ് നായ്ക്കളാണ് വസിക്കുന്നത്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ അധികൃതർക്ക് നൽകിയെങ്കിലും യതൊരു ഉപയോഗവും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൃഗസ്നേഹികളുടെ ഇടപെടൽ കാരണം എന്തുചെയ്യണം എന്നറിയാതെ വലയുകയാണ് അധികൃതരും.
വളർത്തുമൃഗങ്ങൾക്കും ഭീഷണി
രാത്രിയിൽ കൂട്ടമായെത്തുന്ന നായ്ക്കൾ കോഴികളെയും മറ്റ് വളർത്തുമൃഗങ്ങളെയും പിടികൂടാറുണ്ട്. കോഴി, മുയൽ, പ്രാവ് തുടങ്ങിയവയെ വളർത്തുന്നത് വരുമാന മാർഗമായി സ്വീകരിച്ചവർക്ക് ഇത്തരം തെരുവ് നായ്ക്കൾ വലിയ ഭീഷണിയാണുയർത്തുന്നത്. മിക്കപ്പോഴും കൂട് തകർത്താണ് നായ്ക്കൾ ഇരയെ പിടികൂടുന്നത്. വിലകൂടിയ വളർത്തു നായ്ക്കളെ തെരുവ് നായ്ക്കൾ ഉപദ്രവിക്കാറുമുണ്ട്. വളർത്തുനായ്ക്കളുമായി പ്രഭത, സായാഹ്ന സഞ്ചാരത്തിനിറങ്ങുന്നവരെയും നായ്ക്കൾ വിരട്ടിയോടിക്കാറുണ്ട്. പലരും പേടിച്ച് ഇത്തരം സവാരികൾ ഉപേക്ഷിച്ചിരിക്കുകയാണ്.