dewasom-board

ഓറിയന്റേഷൻ ക്ലാസ് ഉടൻ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അയ്യായിരത്തിലേറെ ജീവനക്കാരെ ഭരണകാര്യങ്ങളിൽ മിടുക്കരാക്കാൻ ഓറിയന്റേഷൻ ക്ലാസ് നൽകും. ജീവനക്കാരുടെ കാര്യക്ഷമതയെ പറ്റി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം. വരും മാസങ്ങളിൽ തന്നെ ക്ലാസുകൾ നടക്കും. 5500 ജീവനക്കാരും ക്ലാസുകളിൽ പങ്കെടുക്കണം.

ഓഡിറ്റിംഗ് അടക്കമുള്ള ബോർഡിന്റെ സുപ്രധാന പ്രവർത്തനങ്ങളിലെ ഇഴച്ചിലും വിവിധവകുപ്പുകളിലെ ഫയലുകൾ തീരുമാനമാകാതെ കെട്ടികിടക്കുന്നതും ഒഴിവാക്കി സ്ഥിതി മെച്ചപ്പെടുത്താനാണ് പരിഷ്‌കാരം.

ജീവനക്കാരുടെ പരിചയക്കുറവും വകുപ്പുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മയും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതുമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇവർക്ക് ഭരണ നിർവഹണത്തിൽ നി‌ർദ്ദേശങ്ങൾ നൽകി അർപ്പണമനോഭാവത്തോടെ ജോലി ചെയ്യിക്കാനും ബോർഡിന്റെ സ്ഥിതി മെച്ചപ്പെടുത്തി, ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും പരിഷ്‌കാരം കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞദിവസം കൂടിയ ബോർഡ് യോഗമാണ് തീരുമാനമെടുത്തത്. പ്രാരംഭ നടപടികൾക്കായി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തി.

ക്ലാസുകളുടെ കാലാവധി നിശ്ചയിച്ചിട്ടില്ല. സിലബസ് തയ്യാറാക്കും. പഠിപ്പിക്കാൻ അദ്ധ്യാപകരെയും ചുമതലപ്പെടുത്തും. ബോ‌ർ‌ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡപ്രകാരമാവും ക്ലാസ്. ക്ലാസുകളുടെ ഘടന,​ പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. ആദ്യം 1500 ഓളം എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാർക്കായിരിക്കും ക്ലാസ്.

ജീവനക്കാരുടെ നിലവാരം മെച്ചപ്പെടുത്താനാണ് ഓറിയന്റേഷൻ ക്ലാസ്. ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെന്റ് ബോ‌ർഡ് വന്നശേഷമാണ് തസ്‌തികകളിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കാൻ സാധിക്കുന്നത്.

-കെ. രാധാകൃഷ്ണൻ, ദേവസ്വം മന്ത്രി

ജീവനക്കാരുടെ കാര്യക്ഷമതവർദ്ധിക്കുമ്പോൾ ഭരണത്തിലും പ്രതിഫലിക്കും. നീങ്ങാത്ത ഫയലുകൾ സമയബന്ധിതമായി കൃത്യമായി തീർപ്പാക്കും. ഭക്തർ കൊണ്ടുവരുന്ന ഓരോ രൂപയും ബോ‌ർഡിന് കിട്ടുമെന്ന് ഉറപ്പാക്കാൻ ജീവനക്കാർ അർപ്പണമനസോടെ ശ്രമിച്ചാൽ സാധിക്കും. ഇതുവഴി സാമ്പത്തിക ഭദ്രത ഉറപ്പാക്കാം.

- എൻ. വാസു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്