vilage

കിളിമാനൂർ: വെള്ളല്ലൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം തിരഞ്ഞെടുപ്പിന് മുൻപ് ആരംഭിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനം എങ്ങുമെത്തിയിട്ടില്ല. മഴ പെയ്താൽ നനയാതിരിക്കാൻ ഓഫീസിലെ ജീവനക്കാർ പാടുപെടുകയാണ്.

കാലപ്പഴക്കമുള്ള ഓടിട്ട ചോർന്നൊലിക്കുന്ന ഓഫീസ് മന്ദിരത്തിലാണ് ഇപ്പോഴും വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പോങ്ങനാട് - കല്ലമ്പലം റോഡിൽ നിന്ന് ചിന്ത്രനല്ലൂരാണ് നിലവിൽ പ്രവർത്തിക്കുന്ന പഴയ ഓഫീസ് മന്ദിരം. ജീർണിച്ച മന്ദിരം പുതുക്കി പണിയണമെന്ന നിരന്തര ആവശ്യത്തിനൊടുവിലാണ് താലൂക്കിലെ പഴക്കമേറിയ ഓഫീസ് മന്ദിരങ്ങളുടെ പുനർനിർമ്മാണത്തിനൊപ്പം വെളളല്ലൂർ വില്ലേജ് ഓഫീസിനും പുനർനിർമ്മാണത്തിനുള്ള വഴിയൊരുങ്ങിയത്.

ചോർന്നൊലിക്കുന്നതും സുരക്ഷിതവുമല്ലാത്ത പഴയ കെട്ടിടത്തിൽ നിന്ന് മഴക്കാലമായിട്ടും ഓഫീസ് പ്രവർത്തനം മാറാനായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് നിർമ്മാണോദ്ഘാടനം നടത്തിയ കെട്ടിടം യഥാർത്ഥ്യമാകാൻ ഇനിയെത്ര കാലം കാത്തിരിക്കണമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

ഓഫീസിന്റെ അവസ്ഥ

സ്ഥല പരിമിതിയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ചെറിയ മഴയിൽ പോലും കെട്ടിടം ചോർന്നൊലിക്കുകയാണ്. നനഞ്ഞ് നശിച്ചു പോകാതെ രേഖകൾ സൂക്ഷിച്ചു വയ്ക്കാൻ പോലും കഴിയുന്നില്ല.

കരാർ നിർമ്മിതി കേന്ദ്രത്തിന്

80 സെന്റ് സ്ഥലമാണ് വില്ലേജ് ഓഫീസിന് സ്വന്തമായുള്ളത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കഴിഞ്ഞ സർക്കാർ 44 ലക്ഷം രൂപയാണ് മന്ദിര നിർമ്മാനത്തിനായി അനുവദിച്ചത്. നിർമ്മതി കേന്ദ്രത്തിനാണ് നിർമ്മാണക്കരാർ നൽകിയത്. തിരത്തെടുപ്പിന് മുമ്പ് തന്നെ നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു.

നടപടി വൈകുന്നു

പഴയ കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടികൾ അടക്കം പൂർത്തിയായിട്ടില്ല. നിലവിലുള്ള കെട്ടിടത്തിൽ നിന്ന് ഓഫീസ് പ്രവർത്തനവും രേഖകളും സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റിയശേഷമേ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന ജോലികൾ തുടങ്ങാൻ കഴിയൂ. ഓഫീസ് മാറ്റുന്നതിന് വാടക കെട്ടിടം കണ്ടെത്താനും അധികൃതരുടെ നിർദ്ദേശം വേണം. ഒപ്പം പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിനടക്കമുള്ള നടപടികളും തുടങ്ങണം. എന്നാൽ നടപടികൾ വൈകുകയാണ്.

ഓഫീസറും ഇല്ല

വില്ലേജ് ഓഫീസർ വിരമിച്ചിട്ട് മാസങ്ങളായെങ്കിലും പുതിയ ഓഫീസറെ നിയമിച്ചിട്ടില്ല. മറ്റൊരു ഉദ്യോഗസ്ഥയ്ക്കാണ് പകരം ചുമതല.