d

തിരുവനന്തപുരം:കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കുന്നതിന് എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതി സമൂഹത്തിന് വലിയൊരു മാതൃകയാണെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ ദർശനത്തിന്റെ സാമൂഹിക പ്രസക്തി കൊവിഡ് കാലത്തും ഏറെ പ്രസക്തമാണ്. അക്കാഡമിക് മേഖലയിൽ രണ്ടുതരം വിദ്യാർത്ഥികളെ സൃഷ്ടിക്കാതിരിക്കാൻ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കംനിൽക്കുന്ന വിദ്യാർത്ഥികളെ അറിവിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്ന ഗുരുസന്ദേശം പ്രാവർത്തികമാവുമ്പോൾ, അത് നൽകുന്നത് നന്മയുടെ പുതിയ പാഠമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോളേജ് മാനേജ്മെന്റ് പ്രതിനിധി ഡി. പ്രേംരാജ് മൊബൈൽ ഫോൺ വിതരണം നടത്തി. പ്രിൻസിപ്പൽ ഡോ. എസ്. അനിൽകുമാർ അദ്ധ്യക്ഷനായി. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, റിസർച്ച് ഓഫീസർ ഡോ. ആർ.രവീന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം ചെമ്പഴന്തി ജി. ശശി, അനദ്ധ്യാപക പ്രതിനിധി കെ.എസ്. പ്രേംജി തുടങ്ങിയവർ സംസാരിച്ചു. ഗുരുകാരുണ്യം പദ്ധതി കൺവീനർ ഡോ. എസ്. സുചിത്രദേവി സ്വാഗതവും കോളേജ് ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.എ.എസ്. രാഖി നന്ദിയും പറഞ്ഞു.