kho

 ഹ്യൂമൻ റൈറ്റ്സ് മിഷനും ഗ്രാമപ‌ഞ്ചായത്തും തയ്യാർ

തിരുവനന്തപുരം: ഏറെ നാളുകൾക്കുശേഷം അഖില ഇന്നലെ മനസുതുറന്ന് ചിരിച്ചു. അടച്ചുറപ്പില്ലാത്ത വീടിന്റെ അരക്ഷിതാവസ്ഥയുടെ ദിനങ്ങൾ അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷമായിരുന്നു. പുതിയൊരു വീട് അവൾക്കായി ഉടൻ നിർമ്മിക്കും. അതുവരെ മറ്രൊരു വീട്ടിൽ കഴിയാനുള്ള വഴിയും തുറന്നു.

സംസ്ഥാന ഖോ-ഖോ സീനിയർ ടീമിലും കോഴിക്കോട് സർവകലാശാല ടീമിലും അംഗമായ അഖില കഴിയുന്നത് ഏതു നിമിഷവും തകർന്നുവീഴാവുന്ന വീട്ടിലാണെന്ന് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അതു വായിച്ച ഉടൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല 'കേരളകൗമുദി'യിലേക്കു വിളിച്ചു. മംഗലപുരം കൈലാത്തുകോണം കുറക്കടയിലെ അലപ്പുറത്ത് അഖിലയുടെ അമ്മ സിന്ധുവിന്റെ പേരിലുള്ള അഞ്ച് സെന്റ് ഭൂമിയിൽ ഇപ്പോഴിരിക്കുന്ന ജീർണിച്ച വീടിന്റെ സ്ഥാനത്തു പുതിയ വീട് നിർമ്മിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ഇന്നലെ എറണാകുളത്ത് ചേർന്ന മിഷന്റെ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനവുമെടുത്തു. പ്രളയദുരന്തമുണ്ടായ പുത്തുമലയിൽ മിഷൻ നിർമ്മിക്കുന്ന അഞ്ച് വീടുകളുടെ നിർമ്മാണം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കിയാലുടൻ അഖിലയുടെ വീടിന്റെ നിർമ്മാണം തുടങ്ങും.

ഇന്നലെ ഉച്ചയോടെ മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ഗ്രാമപഞ്ചായത്ത് അംഗം ഷീല എന്നിവർ അഖിലയുടെ വീട്ടിലെത്തി. അടിയന്തരമായി പുതിയ വീട് നിർമ്മിച്ചു നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് പറഞ്ഞു. ലൈഫ് പദ്ധതിയുൾപ്പെടെ സർക്കാരിന് നൽകിയ അപേക്ഷകൾ കാണിച്ച് അഖിലയുടെ അമ്മ സിന്ധു തങ്ങളെ അവഗണിച്ചതിലെ നിരാശ അറിയിച്ചു. സംസ്ഥാന കായികതാരം ഇങ്ങനെയൊരു അവസ്ഥയിലാണ് കഴിയുന്നതെന്ന് അറിയില്ലെന്നും വെള്ളിയാഴ്ച നടക്കുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ അഖിലയ്ക്കു പുതിയ വീട് നിർമ്മിക്കുന്ന കാര്യം പാസാക്കി സർക്കാരിന്റെ പ്രത്യേക അനുമതിക്ക് നൽകുമെന്നും പ്രസിഡന്റ് സുമ പറഞ്ഞു. ഇപ്പോൾ കഴിയുന്ന വീടിന് സുരക്ഷ ഇല്ലാത്തതിനാൽ അഖിലയെയും കുടുംബത്തെയും പഞ്ചായത്ത് ചെലവിൽ വാടക വീട്ടിലേക്ക് മാറ്റുമെന്നും അവർ അറിയിച്ചു.

''ഇപ്പോഴാണ് ശരിക്കും പ്രതീക്ഷ കൈവന്നത്. സുരക്ഷിതത്വം തോന്നുന്നത്. കേരളകൗമുദിയോടാണ് കടപ്പാട്''

- എസ്.എസ്.അഖില