നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസം സുഹൃത്തുകൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടത് പൊലീസിന്റെ അനാസ്ഥയാണെന്ന് നാട്ടാകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സുഹൃത്തുകൾ തമ്മിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ അക്രമത്തിൽ കുളത്താമൽ വെള്ളംകൊള്ളി സ്വദേസി ശാന്തകുമാർ (42)​ കൊല്ലപ്പെട്ടത്. വ്യാജമദ്യ വില്പനയുടെയും,​ മദ്യപാനസംഘത്തിന്റെയും കേന്ദ്രമാണ് കൊലപാതകം നടന്ന മാരായമുട്ടത്തിന് സമീപമുളള തോവോട്ടുകോണവും പരിസര പ്രദേശങ്ങളുമെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശങ്ങളിൽ മദ്യപാനസംഘങ്ങളും ചീട്ടുകളിയും പതിവാണ്. നിലവിൽ പിടിയാലായ പ്രതിയുടെ നേതൃത്വത്തിലാണ് വ്യാജമദ്യ നിർമ്മാണവും വിപണനവും നടന്നിരുന്നത്. മദ്യപിക്കാനെത്തുന്നവരുടെ ശല്യം കാരണം നിരവധി തവണ നാട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ ഈ പ്രദേശത്ത് പൊലീസ് വേണ്ടത്ര പരിശോധന നടത്താറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വ്യാജ മദ്യലോബിയെ ഭയന്ന് നാട്ടുകാരാരും പരസ്യമായി ഇവർക്കെതിരെ രംഗത്തുവരാറില്ല. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തെ തുടർന്നുണ്ടായ അലർച്ചയും നിലവിളിയുമൊക്കെ കേട്ടിരുന്നെങ്കിലും ആരും വീടിന് പുറത്തിറങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു.