നെടുമങ്ങാട്: കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട പോത്തൻകോട് സ്വദേശി വിഷ്ണുവിനെ മന്ത്രി അഡ്വ. ജി.ആർ. അനിൽ മെഡിക്കൽ കോളേജിലെത്തി സന്ദർശിച്ചു. ഡ്യൂട്ടി സമയത്തുണ്ടായ വാഹനാപകടത്തിൽ വിഷ്ണു സഞ്ചരിച്ച വാഹനം 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. കഴുത്തിന്റെ എല്ലിൽ പൊട്ടൽ സംഭവിക്കുകയും ചെവിക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യലിറ്റി ന്യൂറോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ ജനറൽ റിസർവ് എൻജിനിയറിംഗ് ഫോഴ്‌സ് ഉത്തരാഖണ്ഡിൽ ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു കെ.നെടുമങ്ങാട് മണ്ഡലത്തിലെ പോത്തൻകോട് ശാന്തിഗിരി ലക്ഷ്മിപുരം സദ്ഗമയിലാണ് വിഷ്ണുവിന്റെ വീട്. വിഷ്ണുവിന് സൗജന്യ ചികിത്സ ലഭിക്കാനായി ഈ വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.