തിരുവനന്തപുരം:കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇളവുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണ് ഇളവുകൾ.തിരുവനന്തപുരം നഗരസഭ ബി വിഭാഗത്തിലാണ്.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ബി വിഭാഗത്തിലും ആറ്റിങ്ങൽ,നെടുമങ്ങാട് മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലും വർക്കല മുനിസിപ്പാലിറ്റി ഡി വിഭാഗത്തിലുമാണ്.
എ, ബി കാറ്റഗറികളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും കമ്പനികളും കമ്മിഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 100% ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
സി കാറ്റഗറിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫീസുകൾ 50% ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യണം.
ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാം. ജൂലായ് 24, 25 തീയതികളിൽ അവധിയായിരിക്കും.
എ, ബി കാറ്റഗറിയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം.
എല്ലാ കാറ്റഗറികളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താം.
എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിംഗ് അനുവദിക്കും .
മറ്റു ദിവസങ്ങൾക്കു പുറമേ എ, ബി, സി കാറ്റഗറികളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കണം.
ശനി ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
കാറ്റഗറി ഡിയിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും.
ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്കു സ്റ്റോപ്പ് ഉണ്ടാകില്ല.
ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകൾ ഡ്രൈവർക്കു പുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം.
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.
എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ജിമ്മുകൾ, ഇൻഡോർ സ്പോർട്സ് എന്നിവ എസി ഉപയോഗിക്കാതെ പ്രവർത്തിക്കാം.
എ, ബി, സി വിഭാഗങ്ങളിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ മുടിവെട്ടുന്നതിനു മാത്രമായി തുറക്കാം.
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ നിലവിൽ അനുവദിച്ചിട്ടുള്ളവയ്ക്കു പുറമേ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.