lab

കൊവിഡ് 19 മഹാമാരി ഇപ്പോഴും നമ്മെ വേട്ടയാടുകയാണ്. ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട നാൾ മുതൽ കൊവിഡിന്റെ ഉത്ഭവത്തെ സംബന്ധിച്ച വിവരങ്ങൾ ഗവേഷക ലോകത്തെ വട്ടം ചുറ്റിക്കുകയാണ്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചോർന്നതാണെന്നും വന്യജീവിയോ വുഹാൻ വെറ്റ് മാർക്കറ്റോ അല്ല കൊവിഡിന്റെ ഉത്ഭവ കേന്ദ്രമെന്നും വാദിക്കുന്ന നിരവധി പേരുണ്ട്.

കൊവിഡിന്റെ ഉത്ഭവം തേടി ലോകാരോഗ്യ സംഘടന സംഘം ചൈനയിലെത്തിയിരുന്നു. വവ്വാലിൽ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന നിഗമനത്തിലെത്തിയെങ്കിലും കൃത്യമായ ഒരു ഉത്തരം ലോകത്തിന് മുന്നിൽ തെളിവ് സഹിതം പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇപ്പോഴിതാ കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള രണ്ടാം ഘട്ട അന്വേഷണത്തിലേക്ക് നീങ്ങുകയാണ് ലോകാരോഗ്യ സംഘടന. വുഹാനിലെ ലാബും മാർക്കറ്റുമെല്ലാം അന്വേഷണ പരിധിയിൽ വരും.

കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്നും അവിടെ നിന്നാണ് അത് പുറത്തുവന്നതെന്നും അമേരിക്കൻ ഗവേഷകർ സംശയം പ്രകടിപ്പിക്കുമ്പോഴും ചൈന അത് നിഷേധിക്കുന്നുണ്ട്. അതേ സമയം, ലാബ് ലീക്കും കൊവിഡിന്റെ ഉത്ഭവവും തമ്മിലുള്ള ബന്ധത്തിന്റെ സാദ്ധ്യതകൾ കൃത്യമായ അന്വേഷണമില്ലാതെ തള്ളിക്കളഞ്ഞത് ശരിയായില്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസ്യൂസ് അടുത്തിടെ തുറന്ന് സമ്മതിച്ചത് ശ്രദ്ധേയമായിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് പൂർണ സഹകരണം ലഭ്യമായാൽ മാത്രമേ കൊവിഡിന്റെ ഉത്ഭവത്തിന്റെ ചുരുൾ നിവർത്താനാകൂ. ഏത് വന്യജീവിയാണ് രോഗവാഹകരായതെന്ന് കണ്ടെത്തിയാലേ ഭാവിയിൽ ഇത്തരം രോഗങ്ങൾ തടയാനാകൂ.

അതേ സമയം, ചില അവസരങ്ങളിൽ ലബോറട്ടറികളിൽ അപകടം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ടെഡ്രോസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ലോകത്ത് ഇതിന് മുമ്പ് ലബോറട്ടറികളിൽ നേരിയ സുരക്ഷാ പഴുതുകളിലൂടെ അപകടങ്ങൾ സംഭവിച്ച ചരിത്രമുണ്ട്. അത്തരം സംഭവങ്ങളെ മുൻനിറുത്തിയാണ് പല ഗവേഷകരും കൊവിഡിന്റെ ഉത്ഭവവും വുഹാൻ ലാബും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുന്നത്.

 എന്തുകൊണ്ട് ലാബ് ലീക്ക് സംശയം ?

അപകടകാരികളായ പല മാരക വൈറസുകളെ ഗവേഷണങ്ങൾക്കായി സൂക്ഷിച്ചിരിക്കുന്ന അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ലബോറട്ടറികൾ ലോകത്ത് നിരവധിയാണ്. അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ, റഷ്യയിലെ വെക്ടർ, ചൈനയിലെ വുഹാൻ തുടങ്ങിയവ ഉദാഹരണം.

രോഗാണുക്കളുടെ തീവ്രതയനുസരിച്ച് അത്രത്തോളം സുരക്ഷ അഥവാ ബയോസെക്യൂരിറ്റി സജ്ജീകരണങ്ങൾ ഇത്തരം ലാബുകളിൽ അനിവാര്യമാണ്. ശക്തമായ മുൻകരുതലുകൾ ഉണ്ടായാലും ലാബിൽ നിന്ന് ആകസ്മികമായി രോഗാണുക്കൾ പുറത്ത് പോകാനുള്ള സാദ്ധ്യത പൂർണമായി തള്ളാനാകില്ല. അണുബാധയേറ്റ ഉപകരണങ്ങളോ അല്ലെങ്കിൽ ലാബിലെ ജോലിക്കാരോ രോഗാണു വാഹകരായി മാറിയേക്കാം. ഇത്തരം ബയോസെക്യൂരിറ്റി അപകടങ്ങൾ മുമ്പ് ലോകത്തുണ്ടായിട്ടുണ്ടെങ്കിലും അതീവ ഗുരുതരമായ നിലയിൽ വ്യാപനം ഉണ്ടായിട്ടില്ല.

 ഒരു കൈയ്യബദ്ധം!

1900ങ്ങളുടെ തുടക്കം മുതൽ തന്നെ ലബോറട്ടികളിൽ നിന്ന് രോഗാണുക്കളുടെ ബാധയേറ്റ ജീവനക്കാരുടെ റിപ്പോർട്ടുകൾ കാണാം. ഇത്തരത്തിൽ ഡസൻകണക്കിന് ലബോറട്ടറി ബയോസെക്യൂരിറ്റി അപകടങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക കേസുകളിലും ഒന്നോ രണ്ടോ പേരിലാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗാണുവിന്റെ സാന്നിദ്ധ്യമുള്ള സിറിഞ്ചുകളുമായി അബദ്ധത്തിൽ നേരിട്ടുള്ള സമ്പർക്കമാണ് ഇതിൽ മിക്കതിനും കാരണം.

ഓസ്ട്രേലിയൻ മൈക്രോബയോളജിസ്റ്റായിരുന്ന ഡോറ ലഷിന്റെ മരണം മാരക ചെള്ളുപനി രോഗാണുക്കളുള്ള സൂചി അബദ്ധത്തിൽ വിരലിൽ കൊണ്ടായിരുന്നു. ചെള്ളുപനിയ്ക്കുള്ള വാക്സിൻ വികസിപ്പിക്കുന്നതിനിടെ 1943ലായിരുന്നു ഇത്. 1978ൽ യു.കെയിലെ ലാബിൽ നിന്ന് വസൂരി വൈറസ് ബാധയേറ്റ് ജാനറ്റ് പാർക്കർ എന്ന മെഡിക്കൽ ഫോട്ടോഗ്രാഫർ മരിച്ചിരുന്നു. ജാനറ്റിന് രോഗാണു ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇതേ ലാബിൽ നിന്ന് തന്നെ 1966ലും വസൂരി വൈറസ് പുറത്തുചാടിയിരുന്നു. എന്നാൽ, രണ്ടു തവണയും വൈറസ് ചോർച്ചയുടെ അളവ് നേരിയ തോതിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

നൈജീരിയയിലെ ഇബാഡനിലുള്ള ഒരു ലാബിൽ 1963 മുതൽ 1977 കാലയളവിലുണ്ടായ വെസ്റ്റ് നൈൽ, ചിക്കുൻഗുനിയ, യെല്ലോ ഫീവർ തുടങ്ങിയ ഡസൻ കണക്കിന് വൈറസുകളുടെ ചോർച്ചകളിൽ 1,000ത്തിലേറെ പേർക്ക് രോഗബാധയുണ്ടാവുകയും 50 ലേറെ പേർ മരിക്കുകയും ചെയ്തിരുന്നു. 60കളിലും 90കളിലും പത്തിലേറെ തവണ കുളമ്പുരോഗ വൈറസ് യൂറോപ്യൻ ലാബുകളിൽ നിന്ന് അബദ്ധത്തിൽ പുറത്തുകടന്ന സംഭവമുണ്ടായിട്ടുണ്ട്.

 ഭയപ്പെടുത്തിയ തീപിടുത്തം

2019 സെപ്റ്റംബറിൽ റഷ്യയിലെ സൈബീരിയയ്ക്കടുത്തുള്ള നോവോസിബിർസ്കിലെ കോൽട്സോവോയിലുള്ള 'സ്‌റ്റേറ്റ് റിസർച്ച് സെന്റർ ഒഫ് വൈറോളജി ആൻഡ് ബയോടെക്നോളജി വെക്ടർ ' എന്ന വെക്ടർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ തീപിടിത്തമുണ്ടായത് ശാസ്ത്ര ലോകത്തെ ആകെ ഞെട്ടിച്ചിരുന്നു. കാരണം, ഒരു കാലത്ത് മനുഷ്യനെ വിറപ്പിച്ച വസൂരി, എബോള തുടങ്ങിയ മാരക വൈറസുകൾ ഇപ്പോഴും വെക്ടറിൽ സൂക്ഷിച്ചിട്ടുണ്ട്. അപകടമുണ്ടായത് വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ബ്ലോക്കിലല്ലെന്നും അതിനാൽ വൈറസുകൾ സുരക്ഷിതമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

സോവിയറ്റ് യൂണിയന്റെ കാലത്ത് ശത്രുരാജ്യങ്ങൾക്കെതിരെ പ്രയോഗിക്കാൻ വേണ്ടി ജൈവായുധങ്ങൾ നിർമിച്ചിരുന്ന സ്ഥലമാണ് വെക്ടർ. തീപിടിത്തത്തിൽ ഒരു ജീവനക്കാരന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 2004ൽ എബോള വൈറസ് അടങ്ങിയ സിറിഞ്ച് കൈകൊണ്ട് തൊട്ടതിനെ തുടർന്ന് ഒരു ഗവേഷക വെക്ടറിൽ മരിച്ചിരുന്നു. സമാന രീതിയിൽ 1988ൽ ഒരു ഗവേഷകന് മാർബർഗ് രോഗം പിടിപെട്ടിരുന്നു. 1970കളിൽ ഇവിടെ സോവിയറ്റ് നടത്തിയ ജൈവായുധ പരീക്ഷണങ്ങൾക്കിടെ രോഗാണുക്കൾ പുറത്തുചാടി വ്യാപിച്ചിരുന്നതായി ആരോപണങ്ങൾ നിലവിലുണ്ട്.

1980ൽ ലോകാരോഗ്യ സംഘടന വസൂരിയെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ചിരുന്നു. നിലവിൽ പഠനകാര്യങ്ങൾക്കായി വസൂരി രോഗാണുവിന്റെ സാമ്പിൾ സൂക്ഷിച്ചിരിക്കുന്ന രണ്ടിടങ്ങളിൽ ഒന്ന് വെക്‌ടർ ആണ്. മറ്റൊന്ന് അറ്റ്‌ലാന്റയിലെ യു.എസ് സെന്റഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും.

1974ൽ പ്രവർത്തനമാരംഭിച്ച വെക്ടറിൽ നിലവിൽ ബുബോനിക് പ്ലേഗ്, ആന്ത്രാക്സ്, ഹെപ്പറ്റൈറ്റിസ് ബി, എച്ച്.ഐ.വി, സാർസ്, കാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൊവിഡ് 19നെതിരെ എപിവാക്‌കൊറോണ ( EpiVacCorona ) എന്ന റഷ്യൻ വാക്സിന്റെ നിർമ്മാതാക്കൾ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ്.

 പുറത്തുചാടിയ ബാക്ടീരിയ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വടക്ക് പടിഞ്ഞാറൻ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന ആനിമൽ ഹസ്ബന്ററി ലാൻസു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിലുണ്ടായ ചോർച്ചയെ തുടർന്ന് 6,000ത്തിലേറെ പേർക്ക് ബാക്ടീരിയ പരത്തുന്ന ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചിരുന്നു. ബാക്ടീരിയ ബാധയേറ്റ മൃഗങ്ങളിൽ നിന്നോ അവയുടെ ഉല്പന്നങ്ങളിൽ നിന്നോ ആണ് ബ്രൂസെല്ലോസിസ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. മാൾട്ട ഫീവർ, മെഡിറ്ററേനിയൻ ഫീവർ എന്നീ പേരുകളിലും ബ്രൂസെല്ലോസിസ് രോഗം അറിയപ്പെടുന്നു.

മൃഗങ്ങൾക്കുള്ള ബ്രൂസെല്ലാ വാക്സിനുകളുടെ നിർമാണമായിരുന്നു ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ നടന്നു കൊണ്ടിരുന്നത്. എന്നാൽ കാലാവധി കഴിഞ്ഞ അണുനാശിനികൾ ഉപയോഗിച്ചതിനാൽ പ്ലാന്റിൽ നിന്ന് പുറത്തുപോയ പോയ പുകയിലൂടെ നശിപ്പിക്കപ്പെടാത്ത ബാക്ടീരിയകൾ പുറത്തു കടക്കുകയായിരുന്നു. വായുവിൽ കലർന്ന ബാക്ടീരിയ ലാൻസുവിലെ വെറ്ററിനറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലുള്ള 100 ലേറെ പേരെയും ബാധിച്ചിരുന്നു.