tree-cutting

തിരുവനന്തപുരം: വിവാദ മരംമുറിക്കലുമായി ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത സെക്രട്ടേറിയ​റ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മരംമുറിക്കൽ ഉത്തരവ് നിയമപരമല്ലെന്നും ദുർവ്യാഖ്യാനം ചെയ്യാനുള്ള സാദ്ധ്യത ഏറെയാണെന്നും ഫയലിൽ കുറിച്ച ജോയിന്റ് സെക്രട്ടറി അടക്കമുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

ജോയിന്റ് സെക്രട്ടറി ഗിരിജ, അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനി, സെക്ഷനിലെ അസിസ്റ്റന്റുമാരായ സ്മിത, ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഉത്തരവ് നിയമപരമല്ലെന്നാണ് ഇവർ അന്വേഷണ സംഘത്തിനു മൊഴി നൽകിയതെന്നാണു സൂചന.

മരംമുറിക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ അപേക്ഷ പ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി. ശാലിനിയെ കഴിഞ്ഞ ദിവസം സെക്റട്ടേറിയ​റ്റിനു പുറത്തേയ്ക്കു സ്ഥലംമാ​റ്റിയിരുന്നു.