തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) പത്ത് ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിൽ കൂടുതൽ കൊവിഡ് ടെസ്റ്റ് നടത്താനും അവശ്യമുളളയിടങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയും സർക്കാർ ഉത്തരവിറക്കി. കൂടുതൽ ഇളവ് നൽകിയ സംസ്ഥാന സർക്കാർ നടപടിയെ സുപ്രീംകോടതി വിമർശിച്ച സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നടപടികൾ കടുപ്പിച്ചും നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്ക് നീട്ടിയും ഇന്നലെ ഉത്തരവിറക്കിയത്.
നിയന്ത്രണങ്ങളും ഇളവുകളും
സൂപ്പർ മാർക്കറ്റുകൾ ശനി, ഞായർ ദിവസങ്ങളിൽ ഹോം ഡെലിവറിക്കു മാത്രമായി പ്രവർത്തിക്കാം
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ടേക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവർത്തിക്കാം.
എ, ബി, സി വിഭാഗങ്ങളിൽ കടകൾ തുറക്കാൻ അനുവദിച്ചിട്ടുള്ള ദിവസങ്ങളിൽ രാത്രി എട്ടു വരെ പ്രവർത്തിക്കാം.
എ,ബി കാറ്റഗറി പ്രദേശങ്ങളിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാം.
എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിൽ ഇലക്ട്രോണിക് ഷോപ്പുകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ എന്നിവ ദിവസവും രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ തുറക്കാം.
ജൂലായ് 24, 25 സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.