പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂർ കോട്ട വെള്ളച്ചാട്ടത്തിന് സമീപത്തെ അവസാന ചെങ്കൽ ഭൂമിയിലും ഖനനം തുടങ്ങി. മുൻപ് സ്റ്റോപ്പ് മെമ്മോ കൊടുത്ത് നിർത്തിച്ച സ്ഥലത്ത് ഇന്ന് ക്വാറികൾ നിരവധിയാണ്. പുഴക്കാട്ടിരി പഞ്ചായത്തിൽ നിയമാനുസൃതമായി ചെങ്കൽ ഖനനത്തിന് ക്വാറികൾക്ക് അനുമതി ഇല്ലെന്നിരിക്കെയാണ് വിവിധ ഇടങ്ങളിൽ ഖനനം തകൃതിയായി നടക്കുന്നത്. മാലാപറമ്പ് വായനശാലയ്ക്ക് പിന്നിലും അനധികൃതമായി ക്വാറികൾ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. പാലൂർകോട്ട വെള്ളച്ചാട്ടത്തിന് സമീപത്തെ വലത് ഭാഗത്ത് ഇപ്പോൾ നടക്കുന്ന അനധികൃത ഖനനം വൻ പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെയ്ക്കും. കഴിഞ്ഞ പ്രളയകാലത്ത് കടുങ്ങപുരം പള്ളിക്കുളമ്പിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കൃഷിയും നിർമ്മാണത്തിൽ ഇരുന്ന വീടും നശിച്ചിരുന്നു. നിരവധി ആളുകൾ കാണാനായി എത്തുന്ന പാലൂർക്കോട്ട വെള്ളച്ചാട്ടത്തിന് സമീപം ഇത്തരത്തിൽ അനധികൃത ക്വാറിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് തന്നെ വാർത്തയായിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ അന്ന് അധികൃതർ പ്രവർത്തിക്ക് സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് തിരഞ്ഞെടുപ്പ് അടുക്കുകയും, ഉദ്യോഗസ്ഥൻമാർക്ക് സ്ഥലം മാറ്റം ഉണ്ടായതോടെ ഇത് തന്നെ തക്കം എന്ന് കണ്ട് കല്ല് വെട്ടാനുള്ള മേൽമണ്ണ് പൂർണ്ണമായും നീക്കി കല്ല് വെട്ടാൻ പരുവത്തിലാക്കി. വെള്ളച്ചാട്ടത്തിന് സമീപത്ത് ആഴത്തിൽ കല്ല് വെട്ടിയെടുക്കുന്നത് മൂലം മഴക്കാലത്ത് വലിയകുളത്തിൽ നിന്ന് ഒഴുകുന്ന വെള്ളത്തിന്റെ ദിശമാറുകയും, പാലൂർകോട്ട വെള്ളച്ചാട്ടം ഓർമ്മയാവുകയും ചെയ്യും പകരം പുഴക്കാട്ടിരി, കടുങ്ങപുരം വാസികളുടെ തലക്ക് മുകളിൽ ജലബോംബായി ഈ ക്വാറികൾ രൂപാന്തരപെടും. സോയിൽ പൈപ്പിംഗിന് സാദ്ധ്യതയേറെയുള്ള ഈ പ്രദേശത്ത് നാട്ടുകാരെ കാത്തിരിക്കുന്നത് വൻ ദുരന്തങ്ങളാവും. അതിനാൽ അടിയന്തിരമായി ഈ ക്വാറികളുടെ പ്രവർത്തനം നിർത്തലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.