fish

തൃക്കാക്കര: ജില്ലയിലേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് ടൺ കണക്കിന് വിഷമീനുകൾ. ഫോമാലിൻ അടക്കമുള്ള രാസ ലായനികളിൽ മുങ്ങിക്കുളിച്ചെത്തുന്ന ഈ മൽസ്യങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ടായിട്ടും അധികൃതരുടേത് അനങ്ങാപ്പാറനയം. ആന്ധ്ര, തമിൾ നാട്, കർണ്ണാടക, മംഗലാപുരം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും എത്തിക്കുന്ന കടൽമീനുകള്ളാണ് മുനമ്പം, വൈപ്പിൻ വഞ്ചിമീനുകളെന്ന പേരിൽ വിറ്റഴിക്കുന്നത്.മൺസൂൺ കാല പ്രതികൂലാവസ്ഥയായതിനാൽ പരമ്പരാഗതമൽസ്യത്തൊഴിലാളികളിലേറെപ്പേരും കേരളതീരങ്ങളിൽ മൽസ്യബന്ധനത്തിന് പോകാറില്ല. ഈ സാഹചര്യം മുതലെടുത്താണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വിഷമൽസ്യങ്ങളെത്തുന്നത്.
ചാള, കൊഴുവ, നത്തോലി, അയല, കിളിമീൻ, ചൂര,കേര, ഓലക്കുടിയൻ തുടങ്ങി കരിമീൻ, കക്കയിറച്ചി, ചെമ്മീൻ തുടങ്ങിയ കായൽ വിഭവങ്ങൾ വരെ അതിർത്തികൾ കടന്നെത്തുന്നുണ്ട്. മംഗലാപുരത്ത് നിന്നാണ് ഇവയും എത്തുന്നത്. ആമാശയ കാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കൾ വൻതോതിൽ അടങ്ങിയിട്ടുള്ള മൽസ്യങ്ങളാണ് ഇവയെല്ലാം. ഭക്ഷ്യ സുരക്ഷാ വിഭാഗമോ, ത്രിതല തദ്ദേശ സ്ഥാപനങ്ങളിലെ ഹെൽത്തു വിഭാഗം ഉദ്യോഗസ്ഥരോ, പോലീസോ, ഉപയോഗ യോഗ്യമല്ലാത്ത മൽസ്യങ്ങൾ വിറ്റഴിക്കുന്നവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കൊഴുവ, കിളിമീൻ, കണ്ണയല, ചാള എന്നിവയിലാണ് വിഷാംശമധികവും.പാകം ചെയ്യുമ്പോൾ പതഞ്ഞു പൊങ്ങുക, അസഹനിയമായ ദുർഗന്ധം എന്നിവ അനുഭവപ്പെടുന്നതായി വീട്ടമ്മമാർ പറയുന്നു. കൊഴുവ, ചാള എന്നിവക്ക് കിലോഗ്രാമിന് 300 രൂപയാണിപ്പോൾ വിപണി വില.തീവില കൊടുത്ത് വാങ്ങുന്ന ഇത്തരം മൽസ്യങ്ങൾ പാകം ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാക്കനാട്, ചിറ്റേത്തുകര, പള്ളിക്കര, കിഴക്കമ്പലം, പട്ടിമറ്റം, പെരുമ്പാവൂർ,മൂവാറ്റുപുഴ, വാളകം, കോലഞ്ചേരി, പുത്തൻകുരിശ്, അമ്പലമുകൾ, തൃപ്പൂണിത്തുറ, ചമ്പക്കര, ചളിക്കവട്ടം, പാലാരിവട്ടം, കലൂർ, ആലുവ, പറവുർ എന്നിവിടങ്ങളിലും വൻതോതിൽ വിഷമത്സ്യങ്ങളെത്തുന്നുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഗുണനിലവാര പരിശോധന നടത്തി ഉപയോഗയോഗ്യമല്ലാത്ത മൽസ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാവകുപ്പിനു കീഴിൽ ഇതിനായി പ്രത്യേക സ്ക്വാഡുകളേയും നിയോഗിക്കണം.