കേരളാ മോഡൽ എന്നു കേട്ടാലോ തിളയ്‌ക്കണം ചോര നമുക്ക് ഞരമ്പുകളിൽ എന്നാണല്ലോ പുതിയ പ്രമാണം. ഇത് പ്രധാനമായും കണക്കുകൊണ്ടുള്ള ഒരു കളിയാകുന്നു. കേരള സ്കൂൾ ഒഫ് മാത്തമാറ്റിക്സിന്റെ പുതിയ എഡിഷൻ. (സംഗമഗ്രാമം മാധവനും കൂട്ടരും ക്ഷമിക്കണം) കൊവിഡ് കണക്കായാലും തിരഞ്ഞെടുപ്പു കണക്കായാലും എസ്.എസ്.എൽ.സി വിജയ ശതമാനമായാലും സംഗതി സംഖ്യാശാസ്ത്രപരമായ ഒരു അക്രോബാറ്റിസം തന്നെ. കണക്കിന്റെ ഗ്രന്ഥകാരൻ പള്ളിയറ ശ്രീധരൻ കരുതിയിരിക്കണം.
മുഖ്യമന്ത്രിയുടെ അന്തിക്കണക്കുകൾ തന്നെ നോക്കൂ. എത്ര പോസിറ്റീവാണ്! എങ്ങനെ കൂട്ടിയാലും കിഴിച്ചാലും കേരളം ഒന്നാമത്! മരണക്കണക്കിലും മായമുണ്ടത്രെ. പിള്ള വായിൽ കള്ളമില്ലന്നതുപോലെ കണക്കിലും കള്ളമില്ലന്നാണല്ലോ ഒരു അന്ധവിശ്വാസം. പണ്ട് കാർഗിൽ യുദ്ധം വാജ്‌പേയ് സർക്കാരിനെ എന്ന് പറയും പോലെ കൊവിഡ് കണക്കുകൾ സർക്കാരിനെ കാത്തുരക്ഷിക്കട്ടെ!
പരീക്ഷ എന്നാൽ പണ്ടൊക്കെ ജയിക്കാനും തോല്ക്കാനും ഉള്ളതായിരുന്നു. ഇന്നതൊക്കെ മാറി. ഏതു കുറ്റിച്ചൂലിനും പരീക്ഷ എഴുതി ജയിക്കാം. തോല്ക്കുന്നവർക്ക് പട്ടും വളയും കൊടുക്കണം എന്ന അവസ്ഥ. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി വി.പി. ജോയ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന കാലം. ഡി.പി.ഇ.പി കത്തിക്കയറുന്ന സമയം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്ക് തടയിട്ടുകൊണ്ട് അന്നത്തെ ഡി.പി.ഐ കർശനമായി പറഞ്ഞു: മൂന്നു 'പ' കൾക്ക് വിട്ടുവീഴ്ചയില്ല (പരീക്ഷ, പട്ടിക, പകർത്ത്). എന്നാൽ പിന്നീട് ഇതു മൂന്നും തകർത്ത് വെട്ടിനിരത്തൽ പുരോഗമിച്ചു. അക്ഷരമാലയില്ലാത്ത ഈ പാഠപുസ്തകക്കാലത്ത് എന്ത് കൈയക്ഷരം? സ്കൂൾ വിദ്യാർത്ഥികളെ നിരക്ഷരരായി എ പ്ളസ് നൽകി വിജയിപ്പിക്കുമ്പോൾ ഭാവിയിൽ ഇവരെ സാക്ഷരരാക്കാൻ, കോടികളുടെ ആസ്ഥാന മന്ദിരമൊരുക്കി സാക്ഷരതാമിഷൻ കാത്തിരുപ്പുണ്ട്. എന്തൊരു പാരസ്പര്യം!
ഡി.പി.ഇ.പി, ലോക ബാങ്ക് വായ്പ എന്നിവയുടെ കുത്തൊഴുക്കിൽ വിദ്യാഭ്യാസ പരിഷ്കരണം മഹാമാരിയായ് പെയ്തു കനത്തു. പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, മൂല്യനിർണയം, അദ്ധ്യാപക പരിശീലനം എന്നുവേണ്ട എല്ലാം കുളമാക്കാൻ പോന്ന സമഗ്ര പരിഷ്കരണത്തിന് തിരികൊളുത്തി.
ഒന്നാം ക്ളാസുകാരനെ പരീക്ഷയെഴുതി തോല്പിച്ചിട്ട് എന്താണ് മേൽഗതി എന്നായിരുന്നു പുരോഗമന ചിന്ത. പിന്നെയത് ഓരോ പടവുകൾ കയറി ഒമ്പതാം തരത്തിലെത്തി. പഠനം പാല്പായസമെന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് മുദ്രാവാക്യം നടപ്പിലായി. സമ്പൂർണ വിജയം, ഓൾ പ്രൊമോഷൻ എന്നിവ കേട്ട് എല്ലാവർക്കും രോമാഞ്ചമായി. എങ്ങനെയെങ്കിലും ജയിച്ച് തുലയട്ടെ എന്ന് എല്ലാവരും മനസാ നിരൂപിച്ചു. രക്ഷകർത്താവും അദ്ധ്യാപകനും വിദ്യാഭ്യാസ വിദഗ്ദ്ധനും മന്ത്രിയുമെല്ലാം!
കളിച്ചുകളിച്ച് കളി കാര്യമായത് ഇപ്പോഴാണ്. കൊവിഡിന് നമോവാകം! സ്കൂളിൽ പോയില്ലെങ്കിലും ഗുരുമുഖം തെളിഞ്ഞില്ലെങ്കിലും വിദ്യാഭ്യാസം പൊടിപൊടിക്കുമെന്നും വിജയ ശതമാനം നൂറുകടക്കുമെന്നും തെളിഞ്ഞു! രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും സമ്പൂർണ വിജയം. ഇങ്ങനെ പോയാൽ കൊവിഡ് വിജയശതമാനം അടുത്ത കൊല്ലം നൂറുകടത്തിവിടും! അദ്ധ്യാപകർക്ക് പഠിപ്പിക്കാതെ ശമ്പളം. കുട്ടികൾക്ക് പഠിക്കാതെയും വിജയം. അക്ഷരമാലയില്ലാത്ത പാഠപുസ്തകം. ആകാശം മുട്ടെ നൂലു പൊട്ടിയ പട്ടം പോലെ ഓൺലൈൻ പഠനം.
എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടി ഫ്ളക്സിൽ വിലസുന്ന കാലം മാറുകയാണ്. കഷ്ടപ്പെട്ട് എങ്ങനെയെങ്കിലും എസ്.എസ്.എൽ.സി തോറ്റവനെത്തേടി പട്ടും വളയുമായി, പരീക്ഷയിൽ പണ്ട് തോറ്റിട്ടും ജീവിതത്തിൽ വിജയിച്ചവർ മുന്നോട്ടുവരുന്നു. എല്ലാ വിഷയത്തിനും എ മൈനസ് വാങ്ങുന്ന മിടുക്കരെ ഭാവിയിൽ വലിയ സാദ്ധ്യതകളാണ് കാത്തിരിക്കുന്നത്. ഡി.പി.ഇ.പിക്കാലത്ത് തൈപത്തു വച്ചവർക്ക് കൊവിഡ് കാലത്ത് കായ് മുഴുവൻ പറിച്ചെടുക്കാമെന്ന് വ്യംഗ്യം. ഒരെളിയ അപേക്ഷയുണ്ട്. സകലമാന പരീക്ഷകളിലും ഇങ്ങനെ ജയിപ്പിച്ച് ജയിപ്പിച്ച് ജീവിതത്തിൽ ഈ കുട്ടികളെ തോല്പിക്കല്ലേ?
ഫോൺ: 9447575156