tata-consultancy

തിരുവനന്തപുരം: സംസ്ഥാനത്ത് 1350 കോ‌‌ടിയുടെ നിക്ഷേപം നട‌ത്താൻ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) തീരുമാനിച്ചതായി മന്ത്രി പി.രാജീവ് നിയമസഭയെ അറിയിച്ചു. കിൻഫ്രയുമായി ഈ മാസം ഇതിനുള്ള ധാരണാപത്രം ഒപ്പിടും. ആദ്യഘട്ടം 600 കോടിയുടെയും, രണ്ടാം ഘട്ടം 750 കോടിയുടെയും നിക്ഷേപമാണ് ന‌ടത്തുക. ഇൗ പദ്ധതി വഴി 20,000 പേർക്ക് തൊഴിൽ ലഭിക്കും. വി-ഗാർഡ് 120 കോടിയുടെ നിക്ഷേപം ന‌ട‌ത്തും. 700 പേർക്ക് തൊഴിൽ ലഭിക്കും. ലുലു ഗ്രൂപ്പ് കിൻഫ്ര അപ്പാരൽ പാർക്കിൽ 730 കോടിയുടെ പദ്ധതിക്ക് മുതൽമുടക്കും. ടാറ്റാ എലക്സിയയുമായി വ്യവസായ വകുപ്പ് 68 കോടിയുടെ പദ്ധതിക്കുള്ള ധാരണാപത്രം ഒപ്പിട്ടിരുന്നു. ഈ സർക്കാർ രണ്ടു മാസത്തിനിടെ 920 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഫാർമസ്യൂട്ടിക്കൽ പാർക്ക് ആരംഭിക്കാനും തീരുമാനിച്ചു.

നിക്ഷേപം:പരാതികൾ

പരിശോധിക്കും

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഉൾപ്പെടെ കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഒഴിവാക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യും. ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം എന്നതാണ് സർക്കാർ നയം. വ്യവസായമേഖലയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ കേന്ദ്രീകൃത സോഫ്റ്റ് വെയർ അധിഷ്ഠിത സംവിധാനം കൊണ്ടുവരും.
ഈസ്‌ ഒാഫ് ഡൂയിംഗ് റാങ്കിംഗ് നിർണയിക്കുന്നതിൽ സുതാര്യതക്കുറവുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നീതി ആയോഗിന്റെ റാങ്കിംഗിൽ കേരളത്തിന് നാലാം സ്ഥാനമുണ്ട്. ഈസ് ഒാഫ് ഡൂയിംഗ് റാങ്കിംഗിൽ പത്താം സ്ഥാനത്തെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തും.