പാലോട്: ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിതരായ സാമൂഹിക ആരോഗ്യ പ്രവർത്തകരാണ് ആശാ ജീവനക്കാർ. കൊവിഡ് രോഗബാധയെ തുടർന്ന് ജോലി ഭാരം ഇരട്ടിച്ച് വീടും വീട്ടുകാരെയും വിട്ട് രാവിലെ ജോലിക്കിറങ്ങിയാൽ സന്ധ്യ മയങ്ങിയാലാണ് ഇവർ തിരികെ വീട്ടിലെത്തുക. ഇവർക്ക് കിട്ടുന്ന ഓണറേറിയം കേട്ടാലാണ് ഏറെ സങ്കടകരം. 6000 രൂപയാണ് ഒരു മാസം ലഭിക്കുന്നത്. അതായത് തൊഴിലുറപ്പ് തൊഴിലാളിക്ക് കിട്ടുന്നതുപോലും ഈ പാവങ്ങൾക്ക് കിട്ടാറില്ല. യാത്രാപടി ലഭിക്കാത്തതിനാൽ ഈ തുശ്ചമായ വരുമാനത്തിൽ നിന്നാണ് അതും കണ്ടെത്തുന്നത്. വേതന പരിഷ്കരണം ആവശ്യപ്പെട്ടെങ്കിലും അധികാരികളാടെ ഭാഗത്തു നിന്നും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. കൊവിഡിന് മുൻപ് ഇവർക്ക് ഫീൽഡ് വർക്കായിരുന്നു. ഇതു കൂടാതെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതിനാൽ ആശാവർക്കർമാരുടെ സേവനം കൂടി ആശുപത്രിയിലേക്ക് മാറ്റി. തിരക്ക് നിയന്ത്രിക്കലാണ് ജോലിയെങ്കിലും ഇവരുടെ സേവനം എല്ലാത്തരത്തിലും ലഭ്യമാക്കാൻ അധികാരികൾ ശ്രദ്ധിച്ചിരുന്നു. കൂടാതെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഇവരെ നിയോഗിച്ചതു കൂടാതെ ക്വാറന്റീനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി അറിയുക, വിറ്റാമിൻ ഗുളികകൾ എത്തിക്കുക, വാക്സിനേഷൻ രജിസ്ട്രേഷൻ, പൾസ് ഓക്സിമീറ്റർ രോഗികൾക്ക് എത്തിക്കുക, വിഗദ്ധ ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാൻ ശുപാർശ ചെയ്യുക തുടങ്ങി നൂറുകൂട്ടം ജോലികളും ഇപ്പോ ആശാവർക്കർമാരുടെ ചുമലിലാണ്.
കൊവിഡിന് മുൻപ് ഇവരുടെ പ്രധാന ജോലി
വീടുകളിലെ അവശരായ രോഗികളുടെ ക്ഷേമങ്ങൾ
ഗർഭിണികൾക്കുള്ള മരുന്നുകൾ എത്തിക്കുക
വീടുകളിലും മറ്റും പരിസരശുചിത്വം, ക്ലോറിനേഷൻ ഉറപ്പാക്കുക
കൊവിഡിന് ശേഷം
കൊവിഡ് വരവോടെ ബോധവത്കരണം
സമ്പർക്ക ലിസ്റ്റ് തയാറാക്കൽ
ക്വാറന്റയിൻ ഉറപ്പാക്കൽ
വേദനവുമില്ല
ഭൂരിഭാഗം ആശാവർക്കർമാർക്കും സ്വന്തമായി വാഹനം പോലുമില്ലാത്തവരാണ്. ദിവസവേദന കിലോമീറ്ററുകൾ നടന്നു വേണം കൃത്യനിർവഹണത്തിനെത്താനുള്ളത്. 2009 ലാണ് സന്നദ്ധ പ്രവർത്തകർ എന്ന നിലയിൽ ആശാവർക്കർമാരെ നിയമിച്ചത്. ആശാവർക്കർമാർക്ക് വേതന വർദ്ധനവ് ഉണ്ടായിട്ടില്ല. കൊവിഡ് രോഗബാധ വിറങ്ങലിച്ചു നിൽക്കുമ്പോഴും രോഗനിയന്ത്രണത്തിലും രോഗീപരിചരണത്തിലും താങ്ങായ് പൊരുതുന്ന ഇവർക്ക് ശമ്പളത്തിൽ ചെറിയ ഒരു വർദ്ധനവ് വരുത്തിയാൽ ഇവരുടെ പ്രാരാബ്ദ്ധങ്ങൾക്ക് ചെറിയ ഒരു ആശ്വാസമാകും.