മലയിൻകീഴ്: പഠിക്കാൻ മിടുക്കിയായ ഏക മകൾ മീനാക്ഷിയെ വക്കിലാക്കണമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് വിജയകുമാർ ഒരു മുഴം കയറിൽ ജീവനൊടുക്കിയത്. പേരൂർക്കട ലാ അക്കാഡമിയിൽ രണ്ടാംവർഷ എൽഎൽ.ബി വിദ്യാർത്ഥിയാണ് മീനാക്ഷി. ചെറുപ്പത്തിൽ പോളിയോ ബാധിച്ച് വലതുകാലിന് സ്വാധീനക്കുറവുണ്ടായിരുന്ന വിജയകുമാറിന്റെ ഏക ഉപജീവനമാർഗമായിരുന്നു സ്റ്റേഷനറിക്കട.
പലരിൽ നിന്നായി കടംവാങ്ങിയും ചിട്ടികൾ പിടിച്ചുമായിരുന്നു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട മുന്നോട്ടുകൊണ്ടുപോയിരുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ കച്ചവടം അവതാളത്തിലായി. കട തുറക്കാൻ സാധിക്കാതിരുന്നതും സമീപം മറ്റു കടകൾ വന്നതും കച്ചവടത്തെ സാരമായി ബാധിച്ചു. ഇതുമൂലമുണ്ടായ മനോവിഷമത്തെപ്പറ്റി വിജയകുമാർ സഹോദരൻ ഹരികുമാറിനോട് രണ്ടുദിവസം മുമ്പ് സംസാരിച്ചിരുന്നു. ഏഴ് മാസത്തെ കടവാടകയും ചിട്ടി വായ്പ വിഹിതവും അടച്ചിട്ടില്ലെന്നും സൂചനയുണ്ട്.
ജ്യൂസും ബേക്കറി ഇനങ്ങളും അടങ്ങുന്നതായിരുന്നു വിജയകുമാറിന്റെ പിടാരം ജംഗ്ഷനിലെ കട. അഞ്ച് സെന്റിൽ ചെറിയൊരു വീട് തട്ടിക്കൂട്ടിയതും ബാങ്ക് വായ്‌പയെടുത്തായിരുന്നു. വിജയകുമാറിന്റെ ഭാര്യ ശ്രീലേഖ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരികെയത്തിയത്.
കൊവിഡ് ഭേദമായെങ്കിലും ശാരീരിക അവശത പിടിമുറുക്കിയതോടെ ആകെയുണ്ടായിരുന്ന സ്വകാര്യസ്ഥാപനത്തിലെ ജോലി നിറുത്തേണ്ടിവന്നതും കുടുംബത്തെ പ്രതിസന്ധിയിലാക്കി. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു നിവൃത്തിയും ഇല്ലെന്ന് ബോദ്ധ്യമായതോടെയാകാം വിജയകുമാർ അത്മഹത്യയ്‌ക്ക് മുതിർന്നതെന്ന് നാട്ടുകാർ പറയുന്നു. കടബാദ്ധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിലും വിജയകുമാർ ഈ കടുംകൈ ചെയ്യുമെന്ന് ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല. ആരോടും മുഖം കറുത്ത് സംസാരിക്കാത്ത വിജയകുമാർ നാട്ടുകാരുടെയും മറ്റ് വ്യാപാരികളുടെയും പ്രിയങ്കരനായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമെ വിജയകുമാറിനെ അവർ കണ്ടിരുന്നുള്ളു. ഇനി ആ ചിരി കാണാനാവില്ലെന്ന വിഷമത്തിലാണിവർ.