ഫയൽ (ഫൈൽ) പഷ്ട് പദം. ഭരണക്കാർ പറയും; 'ഓരോ ഫയലിലും ജീവിതങ്ങളാണ് കുരുങ്ങിക്കിടക്കുന്നത്. ' ആ കുരുക്ക് വേഗത്തിൽ അഴിക്കണം. ജനം പിഴച്ചോട്ടെ.
ഫയലുകൾ മേലോട്ടും താഴോട്ടും പോകും. വകുപ്പ് മാറി ചാടും. മിന്നൽ വേഗത്തിൽ നീങ്ങും. കത്തിപ്പോകും. കാണാതെയും പോകും. സത്യത്തിൽ ഒരു വലിയ നടയിലെ കാണിക്കപ്പെട്ടിയാണ് ഫയൽ. എത്ര കാശ് അതിൽ വീഴും. അതനുസരിച്ച് ഫയലുകൾ ജനിക്കും. ഇണങ്ങും പിണങ്ങും. ഇഴയും ചാകും. ചിലപ്പോൾ ഒറ്റക്കെട്ടിൽ കുരുങ്ങുകയും ചെയ്യും. `ചുവപ്പുനാട' എന്ന പ്രയോഗം ഫയലുകളെ കെട്ടിപുണർന്ന് പുലരുകയല്ലേ. ഒന്നോർത്തോ, ഫയലിന് അർത്ഥം ഏറെയാണ്. ചില സാമ്പിളുകൾ ഇങ്ങനെ: കടലാസുകൾ കെട്ടി സൂക്ഷിക്കാനുള്ള ബോർഡ്, രേഖാസമാഹാരം, ഹാജരാക്കുക, നിര, വരി, അരം, രാകൽ അങ്ങനെ പോകുന്നു... കോടതികൾ മുതൽ പട്ടാള അണികൾ വരെ.
ചുമ്മാതൊന്നു ആലോചിച്ചേ. അന്തംവിട്ടുപോകും. സുപ്രീംകോടതി തൊട്ട് വില്ലേജാഫീസുവരെ. എത്രയോ ഫയൽ കെട്ടിക്കിടക്കുന്നു. കെട്ടുകണക്കിന്. മനുഷ്യന്റെ മോഹങ്ങൾ, ജീവിതങ്ങൾ. നമുക്കറിയില്ലെ. സെക്രട്ടേറിയറ്റിന്റെ വികാസം. ഒരു പറമ്പ് നിറഞ്ഞപ്പോൾ അടുത്ത പറമ്പിലെത്തി നില്‌ക്കുന്നു. കുറെ നാളായി. എണ്ണപ്പെരുപ്പമല്ലെ. മന്ത്രിമാരുടെ, സെക്രട്ടറിമാരുടെ... പിന്നെ അഡിഷണൽ, ജോയിന്റ്, ഡെപ്യൂട്ടി പട്ടിക നീളുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്. എണ്ണത്തിൽ കുറവില്ല. പ്രായത്തിലേ കുറവുള്ളൂ. എല്ലാറ്റിനേയും ഇരുത്തണ്ടെ. അതിന് സ്ഥലം വേണം.
മുട്ടിൽ മരംമുറി ഒരു ചീളുകേസല്ല. പതിനഞ്ചുകോടി സർക്കാരിന് പോയെന്ന് സർക്കാർ തന്നെ ഏൽക്കുന്നു. അത് എഴുതിത്തള്ളും. ശരിയാണ് തള്ളിന്റെ കാലമല്ലെ. തള്ളലുകൾ കേറിക്കേറി വരട്ടെ. എങ്കിലും മരംമുറിയുടെ പിന്നിലെ എല്ലാം അറിയണ്ടെ. അതുകൊണ്ടത് തിരക്കി. നിയമാനുസരണം. നടപടി ഉണ്ടായി. വിവരം നല്‌കി. ശരിയായ വിവരം. അല്ലെങ്കിൽ നടപടി വേറെ കിടക്കുന്നു. വിവരാവകാശ നിയമം. ഒരു 'അയഞ്ഞാൽ കൊയഞ്ഞാൽ' നിയമമല്ല. അത് അറിയണം. അറിയിക്കണം. അവകാശവും ബാദ്ധ്യതയുമാണ് എല്ലാം നമ്മുടെ നികുതിക്കാശിന്റെ പുറത്തല്ലെ.
`ഗുഡ് സർവീസ് എൻട്രി' നൽകുക. നല്ല കാര്യമാണ്. സർക്കാർ ജീവനക്കാർക്ക് പത്മശ്രീയും പത്മവിഭൂഷണും ഒന്നും കിട്ടാറില്ല. ഈ എൻട്രിക്കും ഒരു ഫയൽ പിറന്നിട്ടുണ്ട്. കിറുകൃത്യം പണിയെടുപ്പിന്റെ അംഗീകാരമല്ലേ. എന്നുപറഞ്ഞാൽ വിവരാവകാശ നിയമം പരിപാലിച്ചതു പോലുള്ള നടപടിക്ക്. കോടികളുടെ കാര്യമാണ് പുറത്തുവന്നത്. അത് വരട്ടെ. വരണം. പക്ഷേ അതിന് `ഞാൻ ' കല്പിച്ചു നൽകിയ ഗുഡ് സർവീസ് എൻട്രി അതേ `ഞാൻ `
തന്നെ റദ്ദാക്കാമോ. അതൊരുതരം അലമ്പ് കീഴ്‌വഴക്കമാകുന്നു. ഫയലിൽ കേറിയ `ഞാൻ` ഫയലിനെ മടക്കിവിളിക്കും. ആ `ഞാൻ` തന്നെ തിരുത്തി ഉത്തരവിറക്കും. പിന്നെ ഒക്കുമെങ്കിൽ ഒരുസ്ഥലം മാറ്റവും.
സംഗതി കലക്കാനായില്ലെ. ഗുഡ് സർവീസ് എൻട്രികളുടെ കലികാലം.
വടക്കേ ഇന്ത്യയിലാണ്. ഒരു സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തി. ഭരിക്കാൻ ഗവർണർക്ക് രണ്ട് ഉപദേശികളെയും കൊടുത്തു. അതിലൊരു ഉപദേശി ആള് ജഗജില്ലിയായിരുന്നു. സാധാരണ ഫയലിൽ സെക്രട്ടറിയുടെ നിർദ്ദേശം വരും. അത് ഉപദേശികളാകുന്നവൻ അംഗീകരിക്കും. പതിവ് അതാണ്. പക്ഷേ ഈ ഉപദേശി അങ്ങനല്ല. ഫയൽ കൈയിൽ കിട്ടുമ്പോൾ ചിന്തിക്കും. തനിക്കിതുവഴി എന്ത് വീഴും. വീഴണമല്ലോ. . അതുകൊണ്ടയാൾ എല്ലാ ഗുണമുള്ള ഫയലുകളും ആദ്യമെടുക്കും. സെക്രട്ടറി കുറിച്ചിരിക്കുന്ന `പ്രൊപ്പോസലു`കൾ (നിർദ്ദേശങ്ങൾ) അംഗീകരിക്കാവുന്നതാണെങ്കിൽ പോലും അടിയിൽ Not approved' (അംഗീകരിക്കുന്നില്ല) എന്നെഴുതി ഒപ്പിടും. പിന്നെ ആ ഫയലുകളുടെ ഒരിരിപ്പുണ്ട്. ഉപദേശിയുടെ പേഴ്സണൽ സെക്രട്ടറിയുടെ മേശയിൽ. അപ്പോഴേക്കു ഉപഭോക്താവ് എത്തും. ഫയൽ കാര്യം തിരക്കും. പേഴ്സണൽ സെക്രട്ടറി ഫയലെടുത്ത് കാണിച്ചുകൊടുക്കും. അംഗീകാരം കിട്ടിയിട്ടില്ല. ഉപഭോക്താവ് ഞെട്ടും. അപ്പോൾ പേ: സെക്രട്ടറി ഇടപെടും. കാണിക്കവീഴും. അതനുസരിച്ച് ഫയൽ ഉപദേശിക്കടുത്ത് വീണ്ടും എത്തും. അയാൾ `Not ` എന്ന വാക്കിലെ `t' യോട് ചേർത്ത് ഒരു `e' കൂടി എഴുതിചേർക്കും. അപ്പോൾ Not എന്നത് `Note ആയി മാറും. `Note approved'ആയപ്പോൾ കാര്യം നടന്നു. ഫയലിൽ കുരുങ്ങിക്കിടന്ന ജീവൻ രക്ഷപ്പെട്ടു. ശ്രീപദ്മനാഭാ ഫയലുകൾക്ക് കരയാനും ചിരിക്കാനും മിണ്ടാനും കഴിഞ്ഞിരുന്നെങ്കിൽ. കാത്തോളണേ!!