lalu

നെയ്യാറ്റിൻകര: സുഹൃത്തുക്കൾ തമ്മിലുള്ള മദ്യപാനത്തിനിടെ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പൊലീസിനു കീഴടങ്ങി. കുളത്താമൽ വെള്ളംകൊള്ളി തോവോട്ടുകോണം ശാന്താസദനത്തിൽ ശാന്തകുമാ‌ർ (42) മരിച്ച സംഭവത്തിലാണ് മുഖ്യപ്രതി തോവോട്ടുകോണം കാട്ടുകുളത്തിൻകര വീട്ടിൽ ലാലു എന്ന ശ്രീകുമാർ

ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സംഭവസ്ഥലത്തുവച്ച് അനിൽ, ജോസ് എന്നിവരെ മാരായമുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാലുവാണ് ശാന്തകുമാറിനെ ക്രൂരമായി മർദ്ദിച്ചതെന്ന് കഴിഞ്ഞ ദിവസം പിടിയിലായവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇവർ നാലുപേരും ചേർന്നുള്ള മദ്യപാനത്തിനിടയിൽ തർക്കത്തിലും അടിപിടിയ്ക്കുമിടെ ശാന്തകുമാർ തലയ്ക്കും മുഖത്തും അടിയേറ്റാണ് മരിച്ചത്. ചോദ്യം ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ തനിച്ചാണ് കൃത്യം നിർവഹിച്ചതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

തടിക്കഷ്ണം കൊണ്ട് അടിച്ചു

രാത്രിയിൽ മദ്യപാനത്തിനിടെയുണ്ടായ ത‌ർക്കത്തിനിടെ ശാന്തകുമാ‌‌ർ ലാലുവിന്റെ ബൈക്കിൽ കല്ല് കൊണ്ടിടിച്ച് കേടുപാട് വരുത്തി. ഇതുകണ്ട ലാലു ശാന്തകുമാറിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിസമ്മതിച്ചു. ഒടുവിൽ ശാന്തകുമാറിന്റെ കൈയിൽ നിന്ന് ബലാത്കാരമായി കല്ല് ദുരെയെറിഞ്ഞ് താക്കീതും ചെയ്‌തശേഷം ലാലു വീട്ടിലേക്ക് മടങ്ങി. ഇതിനിടെ അനിൽ, ജോസ് എന്നിവരും മടങ്ങിപ്പോയി.

കുറച്ചുസമയം കഴിഞ്ഞ് ലാലു തിരികെ വന്നപ്പോൾ ശാന്തകുമാ‌ർ വീണ്ടും വാഹനത്തിൽ കല്ല് കൊണ്ടിടിക്കുന്നതാണ് കണ്ടത്. രോഷാകുലനായ ലാലു സമീപത്തുണ്ടായിരുന്ന തടിയെടുത്ത് ശാന്തകുമാറിനെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. എന്നാൽ കടം വാങ്ങിയ രൂപ തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചതെന്ന ശാന്തകുമാറിന്റെ അമ്മയുടെ മൊഴി പ്രതികൾ നിഷേധിച്ചതായി പൊലീസ് പറഞ്ഞു. മൂന്നുപേരെയും വിശദമായി ചോദ്യം ചെയ്‌ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും മാരായമുട്ടം പൊലീസ് വ്യക്തമാക്കി.

ശാന്തകുമാറിന്റെ മൃതദേഹം പോസ്റ്റുമോ‌ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്. അനിൽകുമാർ, മാരായമുട്ടം സി.ഐ വി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.