കാസർകോട്: ടൂറിസം ഭൂപടത്തിൽ തലയെടുപ്പുള്ള ബേക്കൽ കോട്ടയുടെ പൂർണ്ണകായ ദൃശ്യം ഒറ്റ ഫ്രെയിമിൽ പതിപ്പിച്ചിരിക്കുകയാണ് ഉദുമയിലെ ഫോട്ടോഗ്രാഫർ എൻ.എ. ഭരതൻ. ബേക്കൽ കോട്ടയുടെ പ്രധാന കവാടവും ചുറ്റുമതിലും അകത്തെ നയനാനന്ദകരമായ പുറംകാഴ്ചകളും അമ്പലവും പച്ചപ്പും കൽപ്പടവുകളും കോട്ടയുടെ തെക്കും പടിഞ്ഞാറും ഭാഗത്തുള്ള കടൽത്തീരവും ഭരതന്റെ ഒറ്റ ഫ്രെയിമിലുള്ള ദൃശ്യത്തിൽ ആസ്വദിക്കാം.
ഉപഗ്രഹ ചിത്രം എടുത്താൽ പോലും ബേക്കൽ കോട്ടയുടെ എല്ലാ ഭാഗവും ഉൾക്കൊള്ളുന്ന തരത്തിലുള്ള ഒറ്റ ചിത്രം കിട്ടില്ലെന്നിരിക്കെയാണ് ഒറ്റ ഫ്രെയിമിൽ ഒതുക്കിയുള്ള ബേക്കലിന്റെ ദൃശ്യം ഭരതൻ ആവിഷ്‌ക്കരിച്ചത്. കോട്ടയുടെ താഴെ നിന്നും ഭരതൻ ഇതിനായി എടുത്തത് വിവിധ ഭാവത്തിലുള്ള 49 ഫോട്ടോകളാണ്. എല്ലാ ദൃശ്യങ്ങളും താഴെ നിന്ന് കാമറയിൽ പകർത്തിയതാണ്. നിക്കോണിന്റെ 750 ക്യാമറയാണ് ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ചത്. ഈ പടങ്ങളെല്ലാം കമ്പ്യൂട്ടർ സഹായത്തോടെ സംയോജിപ്പിച്ചാണ് ഒരു ചിത്രമാക്കി മാറ്റിയത്.
സ്ഥിരമായി ബേക്കൽ കോട്ടയിൽ സന്ദർശനം നടത്തിയിരുന്ന ഭരതൻ കോട്ടയുടെ ദൃശ്യങ്ങൾ മുഴുവൻ മനസിൽ പകർത്തിയ ശേഷമാണ് ഫ്രെയിമിൽ ഒരുക്കിയത്. ദിവസവും കുറെ മണിക്കൂറുകൾ ഇതിനായി മാറ്റിവെച്ച ഫോട്ടോഗ്രാഫർ ബേക്കലിന്റെ ഒറ്റ ചിത്രം 27 ദിവസമെടുത്താണ് പൂർത്തിയാക്കിയത്. 10 അടി നീളത്തിലും ഏഴ് അടി വീതിയിലുമുള്ള വലിയ ദൃശ്യം ആവശ്യക്കാർക്ക് തയ്യാറാക്കി നൽകാനുള്ള ആഗ്രഹത്തിലാണ് ഭരതൻ. കോട്ട ചിത്രത്തിന്റെ മഹിമയറിഞ്ഞ് പലരും ഇദ്ദേഹത്തെ സമീപിച്ചു തുടങ്ങിയിട്ടുണ്ട്. മാങ്ങാട് സ്വദേശിയായ ജ്യോത്സ്യർക്ക് എട്ടടി നീളമുള്ള ചിത്രം തയ്യാറാക്കി നൽകി കഴിഞ്ഞു.1985 മുതൽ ഉദുമയിൽ വൈശാഖ് സ്റ്റുഡിയോ നടത്തിവരുന്ന ഭരതൻ മൂന്ന് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി രംഗത്തു സജീവമാണ്. കണ്ണൂർ കോട്ടയുടെ ദൃശ്യവും ഒറ്റ ഫ്രെയിമിൽ ചിത്രീകരിച്ച് ശ്രദ്ധനേടിയിരുന്നു. ഈ ദൃശ്യം ഇപ്പോഴും കണ്ണൂർ പി.ആർ.ഡി ഓഫീസിലുണ്ട്. കണ്ണൂർ കോട്ടയുടെ ചിത്രത്തിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് നിരവധി പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, എരോൽകാവ് തുടങ്ങിയ ചിത്രങ്ങളും ഒരു ഫ്രെയിമിൽ ഒരുക്കിയിട്ടുണ്ട്.
ബൈറ്റ്
ടൂറിസം രംഗത്ത് ഏറെ സാദ്ധ്യതയുള്ള ദൃശ്യം ഏറ്റെടുക്കാൻ ബി.ആർ.ഡി.സിയെ സമീപിച്ചിട്ടും അവർ അവഗണിച്ചു. മറ്റാരും ശ്രമകരമായ ഈ വർക്കിന് തയ്യാറായിട്ടില്ല.
എൻ.എ. ഭരതൻ
ഫോട്ടോഗ്രാഫർ, ഉദുമ