തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൃശൂർ നടുവിൽ മഠത്തിലെ പുഷ്പാഞ്ജലി സ്വാമിയാർ 25ന് ചുമതലയേൽക്കും.നടുവിൽ മഠത്തിലെ ഇളമുറ സ്വാമിയാരായ ഒറവങ്കര അച്യുതഭാരതിയാണ് ക്ഷേത്രത്തിലെ പുതിയ പുഷ്പാഞ്ജലി സ്വാമിയാർ. ശങ്കരാചാര്യരുടെ ശിഷ്യനായ സുരേശ്വരാചാര്യനാണു നടുവിൽ മഠം സ്ഥാപിച്ചത്.നിലവിലെ മൂപ്പിൽ സ്വാമിയാരായ മറവഞ്ചേരി തെക്കേടത്തു നീലകണ്ഠഭാരതി പ്രായാധിക്യം കാരണം ചടങ്ങുകളിൽ പങ്കെടുക്കാറില്ല.
ഇളമുറക്കാരനായി അച്യുതഭാരതിയെ ഒന്നരക്കൊല്ലം മുൻപ് അവരോധിച്ചിരുന്നു. പടിഞ്ഞാറെ കോട്ടയ്ക്ക് സമീപം വില്വമംഗല സ്വാമി ക്ഷേത്രത്തോടു ചേർന്നതാണ് പുഷ്പാഞ്ജലി സ്വാമിയാരുടെ മഠം. തിരുവിതാംകൂർ രാജാവും യോഗത്തിൽ പോറ്റിമാരും അഴകത്തു കുറുപ്പും ഉൾപ്പെട്ട എട്ടരയോഗത്തിലെ അദ്ധ്യക്ഷൻ പുഷ്പാഞ്ജലി സ്വാമിയാരായിരുന്നു. തൃശൂർ നടുവിൽ മഠത്തിന് പുറമെ മുഞ്ചിറ മഠത്തിലെ മൂപ്പിൽ സ്വാമിയാരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരാണ്. രണ്ട് മഠത്തിൽപ്പെട്ടവരും ആറുമാസം വീതം പുഷ്പാഞ്ജലി നടത്തുന്നതാണ് പാരമ്പര്യരീതി.