കടയ്‌ക്കാവൂർ: തൊട്ടിക്കല്ല് ലക്ഷംവീട് കോളനിയിൽ സീതാറാം എന്ന യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. തൊട്ടിക്കല്ല് എം.എൽ.എ പാലത്തിന് സമീപം സമീറാ മൻസിലിൽ സക്കീർ (39), പെരുംകുളം കാളിന്ദിയിൽ ശരത് എന്ന വിഷ്ണു (34), മണമ്പൂർ കണ്ണങ്കര വീട്ടിൽ അനീഷ് (39) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സീതാറാം സക്കീറിനോട് പണം ആവശ്യപ്പെട്ടു. കൊടുക്കാൻ വിസമ്മതിച്ച സക്കീറിന്റെ വീടിന് മുന്നിൽ പാർക്കുചെയ്‌തിരുന്ന കാർ സീതാറാം അടിച്ചുപൊട്ടിച്ചതിനെ തുടർന്ന് പ്രതികൾ മൂന്നുപേരും ചേർന്ന് സീതാറാമിനെ മർദ്ദിക്കുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കാറിടിപ്പിക്കുകയുമായിരുന്നു. നിലത്തുവീണ സീതാറാമിനെ കാറുകയറ്റി കൊല്ലാൻ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ പൊലീസെത്തി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സക്കീറും നിരവധി കേസുകളിൽ പ്രതിയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ റൂറൽ എസ്.പി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ബാബുകുട്ടന്റെ നേതൃത്വത്തിൽ കടയ്‌ക്കാവൂർ എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐമാരായ ബിജുകുമാർ. ജി, മനോഹർ, മാഹീൻ, എ.എസ്.ഐ മുരളീധരൻ, എസ്.സി.പി.ഒ ജ്യോതിഷ്, ബിനോജ്, ഡീൻ, സി.പി.ഒമാരായ ബിനു, അരുൺ, ശ്രീകുമാർ, ശ്രീനാഥ് എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
ഫോട്ടോ: പിടിയിലായ ശരത്, സക്കീർ, അനീഷ് എന്നിവർ