general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ പുന്നക്കാട് വാർഡിൽ 90 സെന്റോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നൈനാകോണം കുളത്തിന്റെ ഏറെ ഭാഗവും കാടുമൂടിക്കഴിഞ്ഞു. ബന്ധപ്പെട്ട അധികൃതർ വേണ്ടതരത്തിൽ ശ്രദ്ധിക്കാത്തതാണ് കുളം ഇത്തരത്തിൽ നശിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ളതും കൃഷിക്കാർക്ക് ഉപയോഗപ്രദവുമാണ് നൈനാകോണം കുളം. പുന്നക്കാട് ഏലായിൽ വാഴക്കൃഷിയും മറ്റ് പച്ചക്കറിക്കൃഷിക്കും തോട് വഴി വെള്ളം ഒഴുകിയെത്തുന്നത് ഇവിടെനിന്നുമാണ്. കുളം അരക്ഷിതാവസ്ഥയിലായിട്ട് പത്ത് വർഷത്തിലേറെയായി. അധികൃതർ ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. പുതിയ ഭരണസമിതിയും ജനപ്രതിനിധിയും കുളം പുഃനരുദ്ധരിച്ച് ഉപയോഗയുക്തമാക്കാനുള്ള നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

തലയൽ നൈനാകോണം ദേവീക്ഷേത്രത്തിലെ ആറാട്ട് ചടങ്ങ് നടന്നിരുന്നത് ഈ കുളത്തിലാണ്. കുളം മാലിന്യംകൊണ്ട് നിറഞ്ഞതോടെ ചടങ്ങ് ഇവിടെ നിന്ന് മാറ്റേണ്ടിവന്നു. കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രഭരണസമിതിയും രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്ത് കുളങ്ങൾ സംരക്ഷിക്കാൻ ത്രിതല പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

 കുളത്തിന്റെ നാല്ഭാഗത്തെയും ഭിത്തി മണ്ണിടിഞ്ഞ് തക‌ർന്ന നിലയിൽ

 നീ‌ർത്തട സംരക്ഷണ പദ്ധതികളും പാതിവഴിയിൽ

 വാർഡിലെ ആനച്ചൽക്കുളം,​ പറയാകോണം കുളം എന്നിവയും തക‌ർന്നു

 നീ‌ർത്തടങ്ങൾ സംരക്ഷിക്കണം

പഞ്ചായത്തും കയർഫെഡ്ഡുമായി ചേർന്ന് ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ നീർത്തടങ്ങൾ സംരക്ഷിക്കാൻ ആരംഭിച്ച പദ്ധതിയും പാതിവഴിയിൽ ഉപേക്ഷിച്ചു. പഞ്ചായത്ത് കുളങ്ങളിലെ സൈഡ് ഭിത്തികളും പൊട്ടിപ്പൊളിഞ്ഞ കരിങ്കൽ കെട്ടും കോൺക്രീറ്റ് ചെയ്ത് നിലനിറുത്താൻ തുച്ഛമായ ഫണ്ട് പോലും ഗ്രാമപ‌ഞ്ചായത്ത് അനുവദിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. നീർത്തടങ്ങളിലെ സൈഡ് ഭിത്തികളിലെ മണ്ണൊലിപ്പ് തടഞ്ഞ് കുളം സംരക്ഷിച്ച് നിലനിറുത്താൻ കയർവിരിപ്പുകൾ പാകുന്ന പദ്ധതി പുനഃരാവിഷ്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കൊവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകി കുളം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.