തിരുവനന്തപുരം: പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് കേസ് പ്രത്യേക അന്വേഷണ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ കൗൺസിലിൽ അറിയിച്ചു. പ്രത്യേക കൗൺസിലിലാണ് തീരുമാനം. തുടർന്നുള്ള ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഫണ്ട് തിരിമറി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടു.
75 ലക്ഷം രൂപ പ്രാഥമിക കണ്ടെത്തിലിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടും ഇതുവരെ മുഴുവൻ പ്രതികളെ പൊലീസിന് പിടിക്കാനായിട്ടില്ലെന്നും എട്ടുപ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചത് പൊലീസിന്റെ അനാസ്ഥയാണെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ആരോപിച്ചു. എന്നാൽ ബി.ജെ.പി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അന്വേഷണം വഴിതിരിക്കുന്ന സമീപനമെടുക്കുന്നതെന്ന് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം ആരോപിച്ചു. പട്ടികജാതി വകുപ്പിന്റെ നടപടികളെല്ലാം വകുപ്പ് തലത്തിൽ അപേക്ഷ നൽകി എസ്.സി പ്രൊമോട്ടർമാരുടെ സഹായം വഴി അതത് ആനുകൂല്യം ഗുണഭോക്താവിന് നൽകുകയാണ് പതിവ്. എല്ലാ അപേക്ഷകളുടെ വിശദാംശങ്ങളും നഗരസഭ അറിയണമെന്ന നിർബന്ധമില്ല. കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ തട്ടിപ്പിന്റെ കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ ഇത് മേയറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉടൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നടപടി സ്വീകരിക്കാൻ കത്ത് നൽകിയെന്നും എസ്. സലീം പറഞ്ഞു. ഫണ്ട് തട്ടിപ്പ് കേസിൽ എസ്.സി പ്രൊമോട്ടർമാരുൾപ്പെടെ 11 പ്രതികളുണ്ട്. ഇനിയും കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക ജാതി ഫണ്ട് തട്ടിപ്പോടെ ജനങ്ങൾക്ക് വിശ്വാസ്യത നഷ്ട്ടപ്പെട്ടെന്നും സി.ബി.ഐ അന്വേഷണത്തോടൊപ്പം ദേശീയ സംസ്ഥാന പട്ടികജാതി ഗോത്ര വർഗ വിഭാഗ വകുപ്പും അന്വേഷിക്കണമെന്ന് യു.ഡി.എഫ് ലീഡർ പി. പത്മകുമാർ ആവശ്യപ്പെട്ടു. എല്ലാ മാസവും മേയറുടെ അദ്ധ്യക്ഷതയിൽ നിരീക്ഷണ സമിതി യോഗം കൂടണമെന്ന് ബി.ജെ.പി നേതാവ് തിരുമല അനിൽ ആവശ്യപ്പെട്ടു. തുടർന്ന് കൗൺസിലർ ഡി.ആർ. അനിലിന് മേയർ കീഴ്‌വഴക്കം ലംഘിച്ച് സംസാരിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് കൗൺസിലിൽ ബഹളമായി. എൽ.ഡി.എഫിന്റെയും ബി.ജെ.പിയുടെയും വനിതാ അംഗങ്ങൾ ഉൾപ്പെടെ നടുത്തളത്തിലെത്തി വാക്കുതർക്കമായി. പ്രതിഷേധത്തിനിടെ ചിലർ കൗൺസിൽ ഹാളിൽ കൂകിയതും രംഗം വഷളാക്കി. തുടർന്ന് ബി.ജെ.പി അംഗങ്ങൾ പ്ളക്ക് കാർഡും ബാനറുമായി നടുത്തളത്തിൽ മുദ്രാവാക്യം വിളിച്ച് കൗൺസിൽ തീരുന്നതുവരെ പ്രതിഷേധിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മേയർ മറുപടി പറഞ്ഞ് കൗൺസിൽ അവസാനിപ്പിച്ചു.