തിരുവനന്തപുരം: പി. കേശവദേവ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജ്യോതിദേവ്സ് ഡയബെറ്റിസ് എഡ്യൂക്കേഷൻ ഫോറം സംഘടിപ്പിച്ച മൂന്നുദിവസത്തെ ആഗോള പ്രമേഹ കൺവെൻഷൻ സമാപിച്ചു. ഓൺലൈനായി നടത്തിയ കൺവെൻഷൻ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ. മനോജൻ കെ.കെ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. ചെറിയാൻ വർഗീസ് എന്നിവർ സംസാരിച്ചു. പ്രശസ്‌തരായ എൻഡോക്രൈനോളജിസ്റ്റുകളുടെയും ഡയ്‌ബെറ്റോളജിസ്റ്റുകളുടെയും പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. കൺവെൻഷന്റെ മുഖ്യ പ്രഭാഷണങ്ങളിൽ ഒന്ന് മായോ ക്ലിനിക്കൽ നിന്നും ഡോ. ശ്രീകുമാരൻ നായർ, പ്രെഫ. തദേജ് ബറ്റാലിനോ എന്നിവർ സംസാരിച്ചു. മുഖ്യ സംഘാടകനായ ഡോ ജ്യോതിദേവ് കേശവദേവ് കേരളത്തിൽ നിന്നുള്ള നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള സമ്മാനങ്ങൾ ഡോ. റിഥി ദാസ് ഗുപ്ത (വെസ്റ്റ് ബംഗാൾ), ഡോ. വിശാൽ മദൻലാൽ ചൗധരി (മഹാരാഷ്ട്ര) എന്നിവർ കരസ്ഥമാക്കി. 22 മാസം പ്രായമുള്ള ബേബി സഹാന വർക്ക് ഔട്ട്ചലഞ്ചിലും വി.സി.വിനയ ബ്രേക്ക് ഫാസ്റ്റ് ചലഞ്ചിലും വിജയികളായി. ഡോ.ബൻഷി സാബൂ,ഡോ.പ്രതീഖ് ചൗധരി,ഡോ. അനൂപ് മിസ്ര, ഡോ. ശശാങ്ക് ആർ. ജോഷി, ഡോ. സതീഷ് ഗാർഗ്, ഡോ. അനുജ് മഹേശ്വരി, ഡോ. വിശ്വനാഥൻ മോഹൻ തുടങ്ങി 150ഇൽ പരം പ്രഭാഷകരും 12,500 പരം ആരോഗ്യപ്രവർത്തകരും വിവിധ സ്ട്രീമുകളിൽ ഉള്ള ഡയബെറ്റിസ് കെയർ പ്രൊഫെഷണൽസും കൺവെൻഷനിൽ പങ്കെടുത്തു.