15,000 വർഷം പഴക്കമുള്ള ടിബറ്റൻ മഞ്ഞുപാളിയിൽ ഗവേഷകർ കണ്ടെത്തിയത് ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉൾപ്പെടെ 33 വൈറസുകളെ. ചൈനയിലെ ടിബറ്റൻ പീഠഭൂമി മേഖലയിലെ പടിഞ്ഞാറൻ കുൻലുൻ ഷാൻ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളിൽ നിന്ന് ശേഖരിച്ച രണ്ട് ഐസ് സാമ്പിളുകളിൽ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം നടത്തിയ ഗവേഷണങ്ങളിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
ഈ വൈറസുകൾ ഒരിക്കൽ മണ്ണിലോ ചെടികളിലോ വസിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. നൂറ്റാണ്ടുകളായുള്ള വൈറസുകളുടെ പരിണാമത്തിലേക്ക് ഈ കണ്ടുപിടുത്തം കൂടുതൽ വെളിച്ചം വീശുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
മഞ്ഞുപാളികൾ ക്രമേണ രൂപം കൊണ്ടപ്പോൾ പൊടിയ്ക്കും വാതകങ്ങൾക്കുമൊപ്പം നിരവധി വൈറസുകളും അതിൽ കുടുങ്ങുകയായിരുന്നു. പടിഞ്ഞാറൻ ചൈനയിലെ മഞ്ഞുപാളികളിൽ ഇനിയും വിശദമായ പഠനങ്ങൾ നടക്കാനുണ്ട്. ഇപ്പോൾ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്ന ഐസ് സാമ്പിളുകൾ 2015ലാണ് ഗവേഷകർ ശേഖരിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 22,000 അടി ഉയരത്തിലാണ് ഇവ സ്ഥിതി ചെയ്തിരുന്നത്.
15,000 വർഷങ്ങൾ വരെ പഴക്കമുള്ള 33 വൈറസുകളെയാണ് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഇതിൽ നാലെണ്ണം ശാസ്ത്രത്തിന് പരിചിതമാണ്. എന്നാൽ കുറഞ്ഞത് 28 എണ്ണമെങ്കിലും ഇതുവരെ ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അജ്ഞാത വൈറസുകളാണ്. പരിചിതമായ നാല് വൈറസുകൾ സമുദ്രത്തിലും മണ്ണിലും കാണപ്പെടുന്ന വൈറസ് കുടുംബത്തിൽപ്പെട്ടവയാണ്. കണ്ടെത്തിയ പുതിയ അജ്ഞാത വൈറസുകൾ മണ്ണിലോ ചെടികളിലോ കാണപ്പെട്ടവയായിരുന്നിരിക്കാമെന്നും മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നവയാകാനിടയില്ലെന്നുമാണ് വിലയിരുത്തൽ.
ഭൂമിയിലെ തന്നെ ഏറ്റവും പഴക്കമേറിയ മഞ്ഞുപാളികളാണ് ഗുലിയയിൽ കാണാൻ സാധിക്കുക. ഇനിയും സൂഷ്മജീവികളുടെ വലിയ ശേഖരം ഈ മഞ്ഞുപാളികൾക്കിടെയിൽ ഉറഞ്ഞ് കിടക്കുന്നുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മഞ്ഞിലകപ്പെട്ട ഈ വൈറസുകൾ കൊടും ശൈത്യത്തെ എങ്ങനെ നേരിട്ടെന്ന പഠനങ്ങൾ തുടരുകയാണ്. അതേ സമയം, ഒരു പക്ഷേ മനുഷ്യനും ജീവികൾക്കും ദോഷകരമായി ഭവിക്കാവുന്ന സൂഷ്മജീവികളും ഇത്തരത്തിൽ മഞ്ഞുപാളികളിൽ മറഞ്ഞിരിക്കുന്നുണ്ടാകാം.
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മഞ്ഞുരുകുന്നതിലൂടെ ഇവ പുറത്തെത്തുമോ എന്ന് ഒരു വിഭാഗം ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞുപാളികളിലെ വൈറസുകളയും മറ്റ് സൂഷ്മാണുക്കളെയും സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താനാണ് ശാസ്ത്രലോകം ശ്രമിക്കുന്നത്.