തിരുവനന്തപുരം:നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ കൂടുതൽ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഓൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ,വനിത പൊലീസ് ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്സ്, ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഒഫ് കേരള എന്നീ സംഘടനകളാണ് സമരം നടത്തുന്നത്.

ക്ലാർക്ക് റാങ്ക് ഹോൾഡേഴ്സ് ഐഡിയൽ അസോസിയേഷൻ ഒഫ് കേരളയുടെ സമരവേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്നലെ പിന്തുണയുമായി എത്തി. ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകി ഉദ്യോഗാർത്ഥികളുടെ ആശങ്ക അകറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളായ അനുഷ,ജസ്ന,അഞ്ചു തുടങ്ങിയവർ പങ്കെടുത്തു.

ഓൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ്

റാങ്ക് ലിസ്റ്റുകളുടെ കാലാവിധി നീട്ടുക, പ്രൊമോഷനുകൾ എത്രയുംവേഗം നടപ്പിലാക്കി ഒഴിവ് വരുന്ന തസ്തികകളിൽ നിയമനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം ഏഴ് ദിവസം പിന്നിട്ടു. വിവിധ ജില്ലകളിൽ എൽപി, യുപി, എച്ച്.എസ്.എ റാങ്ക് ലിസ്റ്റിലുള്ളവരാണ് സമരം നടത്തുന്നത്. 2018 നിലവിൽ വന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം നീട്ടിയെങ്കിലും കൊവിഡ് മൂലം സ്‌കൂളുകൾ തുറക്കാത്തതിനാൽ ഫലമുണ്ടായില്ല. അതിനാലാണ് സമരവുമായി എത്തിയതെന്നു നേതാക്കൾ അറിയിച്ചു.

വനിത പൊലീസ് ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്സ്

വനിത പൊലീസ് ബറ്റാലിയൻ റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം 4 ദിവസം പിന്നിട്ടു. 2020 ആഗസ്റ്റ് 4ന് 2072 പേർ ഉൾപ്പെട്ട പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പിന്നെയും 3 മാസം കഴിഞ്ഞാണ് നിയമന ശുപാർശ അയച്ചു തുടങ്ങിയത്. ഇതു വരെ 533 പേർക്ക് മാത്രമാണ് നിയമനം നൽകിയത്.കൊവിഡ് സാഹചര്യവും നിലവിലെ പ്രതിസന്ധിയും കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് നീട്ടണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.