arun

തിരുവനന്തപുരം: വിഴിഞ്ഞത്ത് എട്ട് വയസുള്ള ആൺകുട്ടിയുടെ സ്വർണമാല പിടിച്ചുപറിച്ച മൂന്നംഗസംഘത്തിലെ ഒരാൾ കൂടി പിടിയിൽ. അതിയന്നൂർ കിഴക്കിൻകര വീട്ടിൽ ചന്തു എന്നു വിളിക്കുന്ന അരുൺ (23)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയെ പൊലീസ്‌ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിലായിരുന്നു മോഷണം.

പ്രതി ഉൾപ്പെട്ട മൂന്നംഗ സംഘം ഓട്ടോറിക്ഷയിൽ ഇൻസ്റ്റാൾമെന്റ് സാധനങ്ങൾ വിൽക്കാനെന്ന വ്യാജേന മുല്ലൂർ സ്വദേശി പ്രീതയുടെ വീട്ടിൽ വരികയും വീടിന് മുന്നിൽ നിൽക്കുകയായിരുന്ന കുട്ടിയുടെ ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നു. സ്വർണവും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐമാരായ സമ്പത്ത്, വിനോദ്, സി.പി.ഒമാരായ അജികുമാർ, കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.