vinod

തിരുവനന്തപുരം:തിരുവല്ലം കരിമ്പുവിളയിൽ പെട്രോൾ പമ്പ് ഉടമയെയും ജീവനക്കാരെയും ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി. കുര്യാത്തി എം.എസ്.കെ നഗറിൽ വിനോദ് കുമാറിനെയാണ് (33) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. കരിമ്പുവിളയിലെ നവീൻ ഫ്യൂവൽസ് പെട്രോൾ പമ്പിലേക്ക് അമിത വേഗതയിൽ ഓട്ടോറിക്ഷ ഓടിച്ചുവന്ന് പമ്പ് ഉടമയായ കവടിയാർ സ്വദേശി നസിമുദ്ദീന്റെയും ജീവനക്കാരുടെയും ദേഹത്ത് ഉരസിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതി വീണ്ടും രണ്ടു മൂന്ന് പ്രാവശ്യം ഓട്ടോറിക്ഷ വട്ടംചുറ്റി ഓടിച്ച് ഇടിച്ചുകൊല്ലാൻ ശ്രമിക്കുകയായിരുന്നു. പമ്പുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പമ്പിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മണക്കാട് അമ്പലത്തറ റോഡിൽ നിന്ന് ഓട്ടോ ഉൾപ്പെടെ പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്. പൂന്തുറ എസ്.എച്ച്.ഒ സജികുമാർ, എസ്.ഐ രാഹുൽ, സി.പി. ഒ മാരായ അജിത്, സന്തോഷ്, ഷിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. ഇയാൾക്കെതിരെ ഫോർട്ട്, കോവളം പൊലീസ് സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്.പ്രതിയെ റിമാൻഡ് ചെയ്തു.