നെയ്യാറ്റിൻകര: സംസ്ഥാന സർക്കാരിന്റെ മികച്ച സഹകരണ ബാങ്കിനുള്ള അവാർഡിന്റെ നിറവിൽ അവണാകുഴി സർവീസ് സഹകരണ ബാങ്ക്. തികച്ചും പിന്നാക്ക മേഖലയിൽ പ്രവർത്തിച്ചുവരുന്ന ബാങ്ക് 1944ലാണ് സ്ഥാപിതമായത്. കൈത്തറിയുടെ ഈറ്റില്ലമായ അവണാകുഴിയിൽ കഴിഞ്ഞ 76 വർഷമായി സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രവർത്തിക്കുന്നത്. ബാങ്കിംഗ് സർവീസ് കൂടാതെ സഹകരണ സൂപ്പർ മാർക്കറ്റ്, ടെക്സ്റ്റയിൽസ്, റേഷൻ ഡിപ്പോ, നീതി മെഡിക്കൽസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. കമുകിൻകോട് ഭാഗത്ത് സംഘം വാങ്ങിയ സ്ഥലത്ത് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കൊടങ്ങാവിള, ഉച്ചക്കട, അതിയന്നൂർ, അവണാകുഴി എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്. നിലവിലെ ഭരണസമിതി പ്രസിഡന്റ് കെ. സോമൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ വെൺപകൽ ചന്ദ്രമോഹൻ, കെ.പി. ശശിധരൻ നായർ, എ.പി. ശശികുമാർ, പി.കെ. മധുസൂദനൻ, കെ. ജലജകുമാർ, എൽ.ആർ. അജയബിനു, കെ. ഗോപി, ആർ. അജി, കെ. മുരുകൻ, പി. ലളിതകുമാരി, വി.കെ. സുമ, വി.ടി. ബിനു, സെക്രട്ടറി പി.എസ്. ജയശ്രീ എന്നിവരാണ്. നേരത്തെ തന്നെ ബാങ്ക് ജില്ലാതല അവാർഡ് കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ സംസ്ഥാനതല അവാർഡ് നേടിയതിന്റെ നിറവിലാണ് ബാങ്ക് ഭരണസമിതിയും സഹകാരികളും.