വിതുര: വാഹനങ്ങളുടെ അപര്യാപ്തതമൂലം ബുദ്ധിമുട്ട് നേരിട്ട വിതുര ഫയർആൻഡ് റെസ്ക്യൂസ്റ്റേഷന് സർക്കാർ ഒരു ആംബുലൻസ് ഉൾപ്പടെ രണ്ട് വാഹനങ്ങൾ കൂടി അനുവദിച്ചു. കഴിഞ്ഞ ആഴ്ച ജി. സ്റ്റീഫൻ എം.എൽ.എ വിതുര ഫയർസ്റ്റേഷൻ സന്ദർശിച്ചിരുന്നു. സ്റ്റേഷന്റെ പരിമിതികളെപറ്റിയും, വാഹനങ്ങളുടെ അപര്യാപ്തതയെ കുറിച്ചും ഉദ്യോഗസ്ഥർ എം.എൽ.എയോട് പറഞ്ഞു. ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുമായി ബന്ധപ്പെട്ട് അടിയന്തരമായി വാഹനങ്ങൾ അനുവദിപ്പിക്കുകയായിരുന്നു. വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ വാഹനങ്ങൾ ഫ്ലാഗ് ഒഫ് ചെയ്തു. വിതുര ഫയർആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഒാഫീസർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മഞ്ജുഷാആനന്ദ്, ഫയർസർവീസ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി അംഗം ബിജു, എന്നിവർ പങ്കെടുത്തു.