ബാലുശ്ശേരി: എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് അടിയന്തിര പരിഗണന നൽകി നവീകരിക്കുമെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ബാലുശ്ശേരി എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവിന്റെ ആവശ്യപ്രകാരമാണ് മന്ത്രി ഇന്ന് ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സന്ദർശിച്ചത്.
എസ്റ്റേറ്റ് മുക്ക് മുതൽ കക്കയം ഡാം വരെ 31 കിലോമീറ്റർ നീളമുള്ള ജില്ലയിലെ ഡാം സൈറ്റിലേക്കുള്ള പ്രധാന റോഡാണ് ഏകരൂർ കക്കയം ഡാം സൈറ്റ് റോഡ്. ഏകരൂൽ മുതൽ 28 മൈൽ വരെ 2021-22 ബജറ്റിൽ ഉൾപ്പെടുത്തി പത്തു കോടി രൂപ നവീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തി ഉടനെ നടപടി പൂർത്തിയാക്കി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
28 മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള ഏഴ് കിലോമീറ്റർ ദൂരം ഹിൽ ഹൈവെയുടെ ഭാഗമായി നവീകരിക്കും. ഇത് ഇപ്പോൾ കിഫ് ബിയുടെ പരിഗണനയിലാണ്. ബാക്കിയുള്ള 17 കിലോമീറ്റർ കിഫ്ബിയിലോ റീ ബിൽഡ് കേരളയിലോ ഉൾപ്പെടുത്തി സ്വീകരിക്കും. പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ ഉടനടി പേച്ച് വർക്ക് ചെയ്തു ഗതാഗതയോഗ്യമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബാലുശ്ശേരി ടൗൺ നവീകരണ പ്രവർത്തി സന്ദർശിച്ച ശേഷം എം.എൽ.എ ഓഫീസിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് അടിയന്തിരമായി പ്രവർത്തി പൂർത്തീകരിക്കണമെന്ന് മന്ത്രി കരാറുകാരന് നിർദ്ദേശം നൽകി. ആഗസ്റ്റ് 30നകം പ്രവർത്തി പൂർത്തീകരിക്കുമെന്ന് കരാറുകാരൻ മന്ത്രിക്ക് ഉറപ്പ് നൽകി. ടൗണിലെ ഫുട്ട്പാത്തിൽ ടൈൽ വിരിക്കൽ, കൈവരി സ്ഥാപിക്കൽ, ഐറിഷ് ഡ്രൈൻ എന്നിവയാണ് പൂർത്തികരിക്കാനുള്ളത്. 3 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയ കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് റോഡിന്റ 233 കോടിയുടെ നവീകരണ പ്രവർത്തി വേഗത്തിൽ ആരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബാലുശ്ശേരി-കൂട്ടാലിട-കൂരാച്ചുണ്ട് റോഡിൽ കോടിയുടെ നവീകരണ പ്രവർത്തിയാണ് നടക്കുന്നത്. പ്രവർത്തി പൂർത്തീകരിക്കുന്നതിൽ വലിയ കാലതാമസമാണുണ്ടായത്. മന്ത്രി പ്രവർത്തി നടക്കുന്ന സ്ഥലം സന്ദർശിച്ചു. ആഗസ്റ്റ് 30നകം ബി.എം പ്രവർത്തി പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാപ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, സൂപ്രണ്ടിംഗ് എൻജിനിയർ റോഡ്സ് ഇ.ജി. വിശ്വ പ്രകാശ്, എക്സിക്യൂട്ടീവ് എൻജിനിയർ ഹാഷിം, കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനിയർ ഷാജി തയ്യിൽ തുടങ്ങിയ ഉദ്യോഗസ്ഥരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.