
ആലക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശികമായി എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കാൻ വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. മലയോര പഞ്ചായത്തുകളായ ആലക്കോട്, ഉദയഗിരി, നടുവിൽ എന്നീ പഞ്ചായത്തുകളുടെ കൊവിഡ് അവലോകന യോഗ തീരുമാനങ്ങൾ ജനങ്ങളെയോ മാദ്ധ്യമങ്ങളെയോ പെട്ടെന്ന് അറിയിക്കാറില്ല.
21 വാർഡുകളുള്ള ആലക്കോട് പഞ്ചായത്തിലെ ടി.പി.ആർ. നിരക്ക് ഇത്തവണ പത്തിൽ താഴെയാണെന്നതിനാൽ ബി കാറ്റഗറിയിലാണെന്നത് ചൊവ്വാഴ്ച തന്നെ വ്യക്തമായിട്ടും യാതൊരു അറിയിപ്പുകളുമുണ്ടായില്ല. രണ്ടാഴ്ച മുമ്പ് ഡി. കാറ്റഗറിയിലും കഴിഞ്ഞയാഴ്ച സി. കാറ്റഗറിയിലുമായിരുന്നതിനാൽ കൊവിഡ് വ്യാപനത്തോതിനെ സംബന്ധിച്ച ആശങ്ക വ്യാപാരികൾക്കും ടാക്സി ഡ്രൈവർമാർക്കുമൊക്കെ ഉണ്ടായിരുന്നു.
സി കാറ്റഗറിയിലേത് പോലെ മാനദണ്ഡമാണ് ഇപ്പോഴും തുടരുന്നത്. ഇന്നലെ ആലക്കോട് പഞ്ചായത്തിലെ ടൗണുകളിൽ ഹർത്താലിന്റെ പ്രതീതിയായിരുന്നു. നടുവിൽ, ഉദയഗിരി പഞ്ചായത്തുകളുടെ ടി.പി.ആർ നിരക്ക് കഴിഞ്ഞയാഴ്ച്ചത്തേതിലും കുറഞ്ഞതിനാൽ ഡി കാറ്റഗറിയിൽ നിന്നും സി കാറ്റഗറിയിലേയ്ക്ക് മാറിയിട്ടുണ്ട്. എന്നാൽ അവിടെയും കാര്യങ്ങൾക്ക് വ്യക്തതയില്ലാത്ത സ്ഥിതിയാണ്. സാധാരണക്കാർക്ക് ജീവിതമാർഗ്ഗം കണ്ടെത്താൻ യാതൊരു വഴിയുമില്ലാത്ത അവസ്ഥയാണ്. കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും യഥാസമയം ജനങ്ങളെ അറിയിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ആവശ്യം. ആലക്കോട് പഞ്ചായത്തിൽ മീഡിയ സെൽ പുതിയ ഭരണസമിതി രൂപീകരിച്ചെങ്കിലും പിന്നീട് നിലച്ചു.