തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹൈക്കമാൻഡ് അവസാന വാക്ക് പറയുന്ന പാർട്ടിയാണ് കോൺഗ്രസ്. അതുതന്നെയാണ് ആ പാർട്ടി പടവലങ്ങ പോലെ ഇപ്പോൾ താഴോട്ട് വളരാനുള്ള പ്രധാന കാരണവും.
ഡൽഹിയിലെ രാഷ്ട്രീയം ഒരു സൂര്യന് ചുറ്റും വിവിധ ഗ്രഹങ്ങൾ കറങ്ങുന്നതുപോലെ ഏകതാനമായാണ് നീങ്ങുന്നത്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയം പലപ്പോഴും അങ്ങനെയല്ല. ഒന്നിലധികം സൂര്യന്മാർ സംസ്ഥാനങ്ങളിൽ ഉദിച്ച് വരാം. അവരെ ചുറ്റി നിരവധി ഉപഗ്രഹങ്ങളും ഉണ്ടാകും. എന്നാൽ ഹൈക്കമാൻഡിന്റെ അനവസരങ്ങളിലുള്ള അനാവശ്യ ഇടപെടലുകളിലൂടെ സംസ്ഥാനങ്ങളിലെ കരുത്തുറ്റ പല നേതാക്കളും അസ്തപ്രജ്ഞരായി മറഞ്ഞു. സംസ്ഥാനങ്ങൾ ഒന്നൊന്നായി പാർട്ടിയുടെ കൈവിട്ട് പോവുകയും ചെയ്തു.
കേരളത്തിൽ ബ്ളോക്ക്, ജില്ലാ കമ്മിറ്റികളുടെയും കെ.പി.സി.സിയുടെയും പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാർ ഇങ്ങോട്ട് പര്യടനം നടത്താനിരുന്നത് നീട്ടിവച്ചതായി മാദ്ധ്യമ റിപ്പോർട്ടുണ്ട്. അതെന്തായാലും നന്നായി. കാരണം അവർ സാധാരണ ഡൽഹിയിൽ നിന്നേ ഒരു ലിസ്റ്റുമായിട്ടാവും വരിക. അതവർ കുർത്തയുടെ പോക്കറ്റിൽ ഇട്ടിരിക്കും. ആരെയും കാണിക്കില്ല. എന്നിട്ട് എല്ലാ പ്രമുഖ നേതാക്കന്മാരുമായും യുവ നേതാക്കന്മാരുമായും ഒറ്റയ്ക്കും കൂട്ടായും ചർച്ച നടത്തും.പിന്നീട് ഡൽഹിയിൽ തിരിച്ച് പോയി പോക്കറ്റിലിരുന്ന ലിസ്റ്റ് പ്രകാരം തീരുമാനമെടുക്കും. ഇതാണ് കുറെ വർഷങ്ങളായി നടന്നുവരുന്നത്. അതിനാണിപ്പോൾ ചെറിയ മാറ്റം വന്നിരിക്കുന്നത്. പരാജയങ്ങളിൽ നിന്ന് പാർട്ടി പാഠംപഠിച്ച് തുടങ്ങിയതിന്റെ നല്ല ലക്ഷണമാണിത്.
സംസ്ഥാനത്തെ പാർട്ടിക്കുള്ളിലെ പുനഃസംഘടനാ കാര്യത്തിൽ ദേശീയ നേതൃത്വം ഇടപെടുന്നതിനോട് ഇവിടത്തെ വ്യക്തിത്വമുള്ള ചില നേതാക്കൾക്കുള്ള വിയോജിപ്പാണ് എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, ഐവാൻ ഡിസൂസ, വിശ്വനാഥ് പെരുമാൾ എന്നിവരുടെ വരവ് മാറ്റിവയ്ക്കാൻ ഇടയാക്കിയതെന്ന് ഞങ്ങളുടെ രാഷ്ട്രീയ ലേഖകൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയല്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അതെന്തായാലും കേരളത്തിൽ ഇപ്പോൾ പാർട്ടിയുടെ തലപ്പത്ത് പ്രധാനപ്പെട്ട രണ്ട് മാറ്റം നടന്നതിന്റെ ചൂടാറും മുമ്പ് , അവരുടെ തലയ്ക്ക് മുകളിലൂടെ കാര്യങ്ങൾ നടത്തിയാൽ അത് പാർട്ടിയെ ദുർബലപ്പെടുത്തുകയേയുള്ളൂ എന്നതാണ് അനുഭവങ്ങൾ നൽകുന്ന പാഠം.
കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെയും പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും നിയമിച്ചത് പാർട്ടിയിൽ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. മധുവിധു കാലം കഴിയും വരെയെങ്കിലും സംസ്ഥാനത്തിന്റെ കാര്യങ്ങൾ അവർക്ക് വിട്ടുകൊടുക്കുന്നതല്ലേ ഭംഗി. അതിന് മുമ്പ് കയറി ഇടപെട്ട് മുകളിലെ പിടിയുടെ പേരിൽ അവരുമായി മാനസികമായി പൊരുത്തപ്പെടാത്തവരെ, അവരുടെ കീഴിൽ നിയമിച്ചാൽ ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന രീതിയിലേ പാർട്ടിക്ക് സംസ്ഥാനത്ത് ചലിക്കാനാവൂ. പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ വീഴ്ചയാണത്. ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ ശക്തരായ രണ്ട് നേതാക്കന്മാരെയാണ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്. അവർ ടീമംഗങ്ങളെ തിരഞ്ഞെടുക്കട്ടെ. അതിനുള്ള മിനിമം സ്വാതന്ത്ര്യമെങ്കിലും അവർക്ക് നൽകാതെ റിസൽട്ട് പ്രതീക്ഷിച്ചിട്ട് ഫലമില്ല. അതുവരെ ഒരു റഫറിയുടെ റോളിലേക്ക് ഹൈക്കമാൻഡ് മാറണം. അവർ ഫൗൾ കാണിച്ചാൽ ഇടപെടാം. പക്ഷേ അതിന് മുമ്പ് റഫറി കയറി കളിക്കുന്നത് നല്ല കാര്യമല്ല. കോൺഗ്രസ് തളരരുതെന്നും വളരണമെന്നും ആഗ്രഹിക്കുന്ന ഒട്ടേറെപ്പേർ പാർട്ടിക്കുള്ളിലും പുറത്തുമുണ്ട്. അതിനാൽ തത്ക്കാലം ഹൈക്കമാൻഡ് ഒന്നടങ്ങുന്നതല്ലേ കരണീയം.