വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. ഒരാഴ്ചയായി ഇൗ പ്രതിഭാസം തുടരുകയാണ്. മുന്നറിയിപ്പും, കാരണം കൂടാതെയും വൈദ്യുതി മുടങ്ങുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാറ്റോ, മഴയോ വന്നാൽ ഉടൻ വൈദ്യുതി അപ്രത്യക്ഷമാകുന്ന അവസ്ഥയാണ് നിലവിൽ. പവർകട്ട് ഏർപ്പെടുത്തിയിട്ടില്ലെന്ന് അധികാരികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ മറിച്ചാണെന്നാണ് നാട്ടുകാരുടെ പരാതി. വൈദ്യുതിവിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി വിതുര, തൊളിക്കോട് ഇലക്ട്രിക് സിറ്റി ഒാഫീസുകളിൽ അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. പകലും രാത്രിയിലുമായി നിരവധി തവണ വൈദ്യുതി മുടങ്ങുന്നത് വ്യാപാരിസമൂഹത്തിനും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ട് നേരിടുന്നതായും പറയുന്നു. വൈദ്യുതി മുടക്കത്തിന് പുറമേ ചിലമേഖലകളിൽ വോൾട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ഓൺലൈൻ പഠനം നിലവിലുള്ള സാഹചര്യത്തിൽ ഇത് വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

 കാരണം മരച്ചില്ലകൾ

വനത്തിലൂടെ വൈദ്യുതിലൈൻ കടന്നുപോകുന്നതിനാൽ മരച്ചില്ലകളും മറ്റും ലൈനിൽവീണ് ട്രിപ്പ് ആകുന്നത് മൂലമാണ് വിതരണം തടസപ്പെടുന്നതെന്നാണ് വൈദ്യുതിവകുപ്പ് മേധാവികൾ വ്യക്തമാക്കുന്നത്. ഏതായാലും തോട്ടുമുക്ക് മേഖലയിൽ വൈദ്യുതി മുടങ്ങാത്ത ദിനങ്ങൾ വിരളമാണ്. മാത്രമല്ല പ്രദേശത്ത് മിക്ക മേഖലകളിലും സ്ഥാപിച്ചിട്ടുള്ള തെരുവ് വിളക്കുകളും കത്തുന്നില്ലെന്നും ആക്ഷേപമുണ്ട്. പരാതികൾ നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

സ്ഥിരം വൈദ്യുതി തടസപ്പെടുന്നത്

തോട്ടുമുക്ക്, കന്നുകാലിവനം, മണലയം, ആനപ്പെട്ടി, പൊൻപാറ, പടിപ്പോട്ടുപാറ, പേരയത്തുപാറ, ചാരുപാറ

പ്രതികരണം

തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, കന്നുകാലിവനം, മണലയം, പേരയത്തുപാറ, പടിപ്പോട്ടുപാറ, പൊൻപാറ ,ചാരുപാറ, ആനപ്പെട്ടി മേഖലയിൽ അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണം. സത്വര നടപടികൾ കൈക്കാണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും

തോട്ടുമുക്ക് ടൗൺ റസിഡന്റ്സ് അസോസിയേഷൻ

മണലയം റസിഡന്റ്സ് അസോസിയേഷൻ

പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ